വാഷിംഗ്ടൺ ഡിസി: യുഎസിൽ ആഭ്യന്തര സെക്രട്ടറി അലഹാന്ദ്രോ മയോർക്കാസിനെ പ്രതിപക്ഷ റിപ്പബ്ലിക്കന്മാർക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു.
ഒന്നര നൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് യുഎസ് കാബിനറ്റംഗം ഇപീച്ച്മെന്റ് നേരിടുന്നത്. മെക്സിക്കൻ അതിർത്തിവഴിയുള്ള അനധികൃത കുടിയേറ്റം തടയാൻ ആഭ്യന്തരസെക്രട്ടറി നടപടി എടുത്തില്ലെന്നാണ് ആരോപണം.
അതേസമയം, 213ന് എതിരേ 214 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് ഇംപീച്ച്മെന്റ് പാസായത്. മൂന്ന് റിപ്പബ്ലിക്കന്മാർ അനുകൂലിക്കാതിരുന്നതാണ് ഭൂരിപക്ഷം കുറയാൻ കാരണം. സെനറ്റിലാണ് ഇംപീച്ച്മെന്റിന്റെ തുടർ നടപടികൾ.
ഭരണപക്ഷ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ ഇംപീച്ച്മെന്റ് പരാജയപ്പെടും. പ്രസിഡന്റ് ജോ ബൈഡൻ അലഹാന്ദ്രോ മയോർക്കാസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
2021നുശേഷം 63 ലക്ഷം അനധികൃത കുടിയേറ്റക്കാർ യുഎസിൽ പ്രവേശിച്ചിട്ടുണ്ട്. കുടിയേറ്റനയം നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമാണ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകുമെന്നു കരുതുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത കുടിയേറ്റവിരുദ്ധനാണ്.