ആലക്കോട്: മലയോരത്തിന് കാഴ്ചയുടെ വസന്തമൊരുക്കാന്‍ ഫിലിം സിറ്റിയിൽ തിയേറ്ററുകളായ സൂര്യയും ചന്ദ്രയും നക്ഷത്രയും ഒരുങ്ങുന്നു. ഉദ്ഘാടനം 24 ന് വൈകുന്നേരം 4.30 ന് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കും. പി.കെ ശ്രീമതി എം.പി ,കെ.സി. ജോസഫ് എംഎൽഎ ,ദേവസ്യാ മേച്ചേരി ,സിനിമാതാരം നിമിഷ സജയൻ എന്നിവർ പങ്കെടുക്കും.
മാര്‍ച്ച് 28 ന് ആദ്യ ഷോയ്ക്ക് തിരശീല ഉയരുന്നതോടെ മലയോരത്തെ ആദ്യ മള്‍ട്ടിപ്ലസ് തീയേറ്ററായി ഇത് ചരിത്രത്തില്‍ ഇടം നേടും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലക്കോട് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ആലക്കോട് മര്‍ച്ചന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഏഴരക്കോടിയോളം രൂപ ചെലവിൽ തീയേറ്റര്‍ നിര്‍മിച്ചത്. 600 പേര്‍ക്ക് ഒരേ സമയം സിനിമകള്‍ കാണാവുന്ന രീതിയിലാണ് അത്യാധുനിക സംവിധാനത്തോടെ ഫിലിം സിറ്റി ക്രമീകരിച്ചിരിക്കുന്നത്.
ഫോർ കെ അൾട്രാ എച്ച്ഡി ദൃശ്യ മികവും, ഡോള്‍ബി അറ്റ്മോസ് ശബ്ദ ക്രമീകരണവുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പത്മശ്രീ മോഹന്‍ ലാല്‍ നായകനാകുന്ന ലൂസിഫര്‍ ആണ് പ്രദർശന ചിത്രം. വിഷുവിന് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം മധുരരാജയും ഫിലിം സിറ്റിയില്‍ പ്രദര്‍ശനത്തിനെത്തും. സൂര്യയില്‍ 240 , ചന്ദ്രയില്‍ 160 , നക്ഷത്രയില്‍ 200 എന്നീ ക്രമത്തിലാണ് സീറ്റുകള്‍. ഒരേ സമയം നൂറിലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു.
ആധുനിക രീതിയിലുള്ള കഫ്റ്റേരിയയും ഫിലിം സിറ്റിയില്‍ ഒരുക്കിയിട്ടുണ്ട്. തളിപ്പറമ്പ് കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ ആലക്കോട് കൊട്ടയാട് കവലയിലാണ് മള്‍ട്ടി പ്ലസ് തീയേറ്റര്‍ . ഉത്ഘാടന പ്രദർശന സിനിമയായ ലൂസിഫറിലെ സിനിമയുടെ നായകൻ മോഹൻലാലിന്റെ 40 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ടും ഫിലിം സിറ്റി പരിസരത്ത് ഉയർത്തിയെടുത്തിട്ടുണ്ട്.