ആലക്കോട്: പ്രളയത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ റോഡിൽ പതിച്ച കൂറ്റൻ പാറ ആറുമാസം കഴിഞ്ഞിട്ടും പൊട്ടിച്ചുനീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത അധികൃതരുടെ അനാസ്ഥ ആലക്കോട്-പാത്തൻപാറ റോഡിൽ യാത്രക്കാർക്കും സമീപവാസികൾക്കും അപകട ഭീഷണി ഉയർത്തുന്നു.
ആലക്കോട് നെല്ലിക്കുന്ന്-പാത്തൻപാറ റോഡിൽ മേലാരംതട്ടിലാണു മാസങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തി കൂറ്റൻ പാറ അപകടാവസ്ഥ ഉയർത്തുന്നത്.
2019 ഓഗസ്റ്റ് ഒൻപതിനു രാത്രിയിൽ പ്രളയത്തെത്തുടർന്ന് മേലാരം തട്ട് മാന്തട്ടിലുണ്ടായ ഉരുൾപ്പൊട്ടലിലാണ് മലമുകളിൽ ഭീമൻ പാറ റോഡിലേക്കു പതിച്ച് ഇവിടെ തങ്ങി നിന്നത്.
ഉരുൾപ്പൊട്ടലിൽ കർഷകർക്ക് വൻ നാശനഷ്ടം സംഭവിച്ചതിനു പുറമെ റോഡിനും കനത്ത നാശം നേരിട്ടിരുന്നു. ടാറിംഗ് തകർന്നു റോഡ് കുത്തിയൊലിച്ചുപോയ നിലയിലാണ്. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ ടാറിംഗ് റോഡിന്റെ പാർശ്വഭിത്തി ഭാഗവും പൂർണമായി തകർന്നു.
റോഡിൽ തങ്ങിനിൽക്കുന്ന പാറയും തകർന്ന റോഡും വലിയ അപകടാവസ്ഥയാണു യാത്രക്കാർക്ക് ഉയർത്തുന്നത്. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ആലക്കോട്, പാത്തൻപാറ, കനകക്കുന്ന്, കുടിയാൻമല പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഇതുവഴി സഞ്ചരിക്കുന്നത്. പൈതൽമല, പാലക്കയംതട്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരപാത കൂടിയാണിത്.
മൊറാനി, നെല്ലിക്കുന്ന്, മേലാരംതട്ട്, നൂലിട്ടാമല, മാന്തട്ട് പ്രദേശത്തെ നൂറുകണക്കിനു കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക പാതയും ഈ പൊതുമരാമത്ത് റോഡാണ്.
വളവു ഭാഗത്തായി പാറ സ്ഥിതി ചെയ്യുന്നതും റോഡ് തകർന്നുകിടക്കുന്നതും കാരണം വാഹനയാത്രക്കാർ ഭീതിയോടെയാണു സഞ്ചരിക്കുന്നത്.
താഴ്വരയിൽ നിരവധി വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഭൂമികൂലുക്കമോ പ്രളയമോ സംഭവിച്ച് പാറ റോഡിൽ നിന്നു താഴേക്ക് പതിച്ചാൽ വലിയ ദുരന്തമുണ്ടാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
ആറുമാസം മുന്പുണ്ടായ ഉരുൾപ്പൊട്ടലിൽ നിന്നു സമീപവാസികൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടിരുന്നത്. അടുത്ത മഴക്കാലമെത്താൻ മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റിൽ സംഭവിച്ചതുപോലെയുള്ള പ്രളയവും ഉരുൾപ്പൊട്ടലും ഇനിയുണ്ടായാൽ വലിയ ദുരന്തങ്ങൾ ഉണ്ടാകുമെന്ന ഭീതിയിലാണു നാട്ടുകാർ.
അപകടാവസ്ഥ ഉയർത്തുന്ന പാറ പൊട്ടിച്ച് നീക്കുന്നതിനും തകർച്ചയിലായ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നവിധത്തിൽ മതിൽ കെട്ടി സംരക്ഷിക്കുന്നതിനും അധികൃതർ നടപടികൾ സ്വീകരിക്കാൻ വൈകുന്നത് നാട്ടുകാരിൽ വ്യാപക പ്രതിഷേധമുയർത്തിയിരിക്കുകയാണ്. ഉരുൾപ്പൊട്ടലുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാര നടപടികൾ ഇഴഞ്ഞുനീങ്ങുന്നതായാണു പരാതി.
ഇനിയൊരു ദുരന്തത്തിനു വഴിയൊരുക്കാതെ അപകടാവസ്ഥ പരിഹരിക്കുന്നതിനും റോഡ് സംരക്ഷിക്കുന്നതിനും അധികൃതർ എത്രയും വേഗത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.