ചിറ്റൂർ: ഇരുന്നൂറിലേറെ വർഷം പഴക്കമുള്ള റോഡുവക്കത്തെ ആൽവൃക്ഷം വാഹനസഞ്ചാരത്തിന് അപകടഭീഷണിയായി. ആലിന്റെ താഴ്ന്ന കൊന്പുകൾ വാഹനങ്ങളിൽ തട്ടുന്നത് പതിവാണ്. മുപ്പതുമീറ്ററിലെ ഉയരമുള്ള ആൽവൃക്ഷത്തിനു ഇതിനു ചുറ്റുമായി പടർന്നിറങ്ങിയ വേരുകളും മരങ്ങളായി മാറി.
ദൂരെദിക്കിൽനിന്നും വരുന്ന യാത്രക്കാർ ഈ വൃക്ഷതണലിലാണ് വിശ്രമിക്കുന്നത്. പ്രദേശത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ നിരവധിപേരാണ് ഇവിടെ അഭയം തേടാറുള്ളത്. മൂപ്പൻകുളം-നെല്ലിമേട് പാതയിലുണ്ടായിരുന്ന പതിനഞ്ചോളം ആൽവൃക്ഷങ്ങൾ റോഡിലേക്ക് അതിക്രമിച്ചു വളർന്നതോടെ മുറിച്ചുമാറ്റിയിരുന്നു.
എന്നാൽ ചുള്ളിപ്പെരുക്കമേടിനു മുന്നിലെ ഈ ആൽവൃക്ഷത്തെ സംരക്ഷിക്കണമെന്നാണ് സമീപവാസികൾ ആവശ്യപ്പെടുന്നത്. നിലവിൽ ഇവിടെ ബസ് സ്റ്റോപ്പുണ്ടെങ്കിലും വെയ്റ്റിംഗ് ഷെഡ് ഇല്ലാത്തതിനാൽ വളർന്നു പന്തലിച്ചുനില്ക്കുന്ന ആൽമരച്ചുവട്ടിലാണ് എല്ലാവരും ബസ് കാത്തുനില്ക്കുന്നത്. ദിവസേന വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി നിരവധിപേരാണ് എത്താറുള്ളത്.
റോഡിലേക്ക് ഇറങ്ങുന്ന ആൽമരത്തിന്റെ ശിഖരം മുറിച്ചു മാറ്റി അടിഭാഗത്ത് കോണ്ക്രീറ്റ് ഇരിപ്പിടങ്ങൾ സ്ഥാപിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. മരത്തിനു ചുറ്റും വ്യാപിച്ചു കിടക്കുന്ന ചപ്പുചവറുകൾ ശുചീകരിച്ച് ദീർഘദൂര യാത്രക്കാർക്ക് ഈ സ്ഥലം വിശ്രമകേന്ദ്രമാക്കനാകും.
കേന്ദ്ര വനംവകുപ്പിന്റെ ബഹുമതി കരസ്ഥമാക്കിയ പറന്പിക്കളും കന്നിമാരി തേക്കിനു സമാനമായി ഉയരക്കുടൂതലും ദൃശ്യഭംഗിയുമുള്ള ഈ ആൽവൃക്ഷത്തെ സംരക്ഷിക്കാൻ നടപടിവേണമെന്നാണ് പ്രകൃതിസ്നേഹികളും ആവശ്യപ്പെടുന്നത്.