പാലോട് : ആഡംബര കാറുകളിൽ കറങ്ങി നടന്ന് രാത്രിയിൽ റോഡരികിൽ പാർക്കു ചെയ്തിട്ടുള്ള ടോറസ്, ടിപ്പർ, പിക് അപ് മുതലായ വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിച്ചു വിൽക്കുന്ന കേസിലെ ഒരു പ്രതിയെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു.
പനവൂർ വഞ്ചുവം റോഡരികത്തു വീട്ടിൽ മുട്ടത്തറ പൂന്തുറ മസാൽ തെരുവ് ബദരിയാ പള്ളിക്ക് സമീപം വാടകയ്ക്കു താമസിക്കുന്ന അൽ അമീൻ ( 44) ആണ് അറസ്റ്റിലായത്.
ഏഴിന് പുലർച്ചെ പാലോട് പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാന പാതയിൽ പാർക്കു ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങളിൽ നിന്നായി ബാറ്ററികളും സൗണ്ട് സിസ്റ്റം ഉപകരണങ്ങളും മോഷണം പോയി.
പരാതിയെ തുടർന്ന് മടത്തറ മുതൽ ചുള്ളിമാനൂർ വരെയുളള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മോഷ്ടാവ് ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
തിരുവനന്തപുരം കൊല്ലം , ആലപ്പുഴ, എറണാകുളം ജില്ലകളിലായി നാഷണൽ ഹൈവേയിലും മറ്റും പാർക്ക് ചെയ്തിരുന്നു നിരവധി വാഹനങ്ങളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
മോഷ്ടിച്ച സാധനങ്ങൾ കണിയാപുരത്തുള്ള ആക്രി കടയിലാണ് വിറ്റത്. തുടർന്ന് നടത്തിയ പരിശോധനയിൽ 20 ഓളം ബാറ്ററികൾ അവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
മോഷണത്തിന് ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ ഭാര്യാ സഹോദരനും വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ ജസീംമും മോഷണ സംഘത്തിൽ ഉൾപ്പെട്ടതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
റൂറൽ എസ്പി ദിവ്യ ഗോപിനാഥിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി എം. കെ. സുൾഫിക്കർ, പാലോട് ഇൻസ്പെക്ടർ സി. കെ. മനോജ്, ജിഎസ്ഐ റഹിം, ജിഎഎസ്ഐ അനിൽകുമാർ ,എസ്സിപിഒമാരായ ബിജു, അനീഷ്, സിപിഒ മാരായ കിരൺ ,അരുൺ , അരവിന്ദ്, വിനീത്, റിയാസ്, രഞ്ജുരാജ്, നെടുമങ്ങാട് ഡാൻസഫ് ടീമിലെ ജിഎസ്ഐ ഷിബുകുമാർ, ജിഎഎസ്ഐ സജു, സിപിഒ ഉമേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.