കാട്ടാക്കട: ദുരിതക്കടലിൽ ജീവിതം തള്ളി നീക്കുന്ന അൽഅമീന് 16 വർഷത്തിനുശേഷം നീതി കിട്ടി. പക്ഷേ തന്റെ നഷ്ടസ്വപ്നങ്ങൾ തിരിച്ചുതരാൻ കഴിയുമോ…. മാറനല്ലൂർ കണ്ടല ചിറയ്ക്കോട് പുത്തൻവീട്ടിൽ എസ്.അൽ അമീനിന്റെ വാക്കുകൾ മുറിയുന്നത് തീരാത്ത വേദനയുടെ മുൾപ്പടർപ്പിൽ നിൽക്കുന്നതുകൊണ്ടാകാം.
16 വർഷം മുമ്പ് അധ്യാപിക എറിഞ്ഞ പേന കണ്ണിൽകൊണ്ട് ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട അൽ അമീൻ ഇപ്പോഴും ദുരിതജീവിതത്തിലാണ്. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പോക്സോ കോടതി വിധി പറഞ്ഞത്.
പ്രതി മലയിൻകീഴ് കണ്ടല ഗവ. സ്കൂളിലെ മുൻ അധ്യാപിക തൂങ്ങാംപാറ സ്വദേശിനി ഷെരീഫ ഷാജഹാനെ ഒരു വർഷം കഠിനതടവിനു ശിക്ഷിച്ചു. മൂന്നു ലക്ഷം രൂപ പിഴയും ജഡ്ജി കെ.വി.രജനീഷ് വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ മൂന്നു മാസം അധിക തടവും അനുഭവിക്കണം .
മലയിൻകീഴ് കണ്ടല ഗവ ഹൈസ്കൂളിൽ 16 കൊല്ലം മുമ്പായിരുന്നു സംഭവം. 2005 ജനുവരി 18ന് ഉച്ചയ്ക്ക് മൂന്നാം ക്ലാസ് വിദ്യാർഥിയായ അൽഅമീൻ അറബിക് ക്ലാസിനിടെ പിറകിലേക്ക് ഒന്ന് തിരിഞ്ഞു. ദേഷ്യം പിടിച്ച അധ്യാപിക ഷെരീഫാ ഷാജഹാൻ അൽ അമീനു നേരെ പേന എറിഞ്ഞു.
പേനയുടെ മുന മുൻ ബെഞ്ചിലിരുന്ന അൽ അമീന്റെ കണ്ണിലെ കൃഷ്ണമണിയിൽ തറച്ചു. പരിക്കേറ്റ അൽ അമീനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ നിന്ന് നേരെ സർക്കാർ കണ്ണാശുപത്രിയിലെത്തിച്ചു. കണ്ണിന് ശസ്ത്രക്രിയ നടത്തി രണ്ടാഴ്ച അവിടെ കഴിഞ്ഞു. കാഴ്ച ശക്തി പൂർണമായി നഷ്ടപ്പെട്ടെന്നും ഇനി തിരിച്ചു കിട്ടാൻ സാധ്യതയില്ലെന്നും അപ്പോൾ തന്നെ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.
പിന്നീട് മൂന്ന് ലക്ഷത്തോളം ചെലവഴിച്ച് രണ്ട് ശസ്ത്രക്രിയ കൂടി നടത്തി. ഫലമുണ്ടായില്ല. പത്തുവർഷത്തിലധികം ചികിത്സ തുടർന്നു. ഇപ്പോൾ വയസ് 25 ആയി. ഒരു ജോലി പോലും കിട്ടാൻ പ്രയാസമായെന്ന് പറയുമ്പോൾ അൽ അമീന്റെ കണ്ണ് നിറയും. ലൈസൻസും പാസ്പോർട്ടും എടുക്കാനായി അധികൃതരെ സമീപിച്ചപ്പോൾ തിരിച്ചയച്ചു. കൂലിപ്പണിക്കു പോലും ആരും വിളിക്കുന്നില്ല. അൽഅമീൻ പറയുന്നു.
അൽ അമീന്റെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് മലയിൻകീഴ് പോലീസ് അധ്യാപികയ്ക്കെതിരെ കേസെടുത്തു. ആറു മാസത്തേക്ക് സസ്പെൻഡു ചെയ്തെങ്കിലും ഒരു മാസം കഴിഞ്ഞ് സർവീസിൽ തിരികെ പ്രവേശിച്ചു. പിന്നീട് നെയ്യാറ്റിൻകരയിലെ സ്കൂളിലേക്കു മാറി ഇവർ നാലു വർഷം മുൻപു വിരമിച്ചു.
ചികിത്സ കഴിഞ്ഞ് നാലു മാസത്തിനു ശേഷം ഇതേ സ്കൂളിൽ തിരിച്ചെത്തിയ അൽ അമീൻ പത്താം ക്ലാസ് പഠനം പൂർത്തിയാക്കി. പ്ലസ്ടുവിനു ശേഷം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ചേർന്നു.കാഴ്ചശക്തി നഷ്ടപ്പെട്ടെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും, അൽ അമീന്റെയും രക്ഷിതാക്കളുടെയും മൊഴിയും മുഖ്യ തെളിവായി കോടതി സ്വീകരിച്ചു.
വിസ്താരത്തിനിടെ പ്രധാന അധ്യാപിക ഉൾപ്പെടെ നാല് അധ്യാപകർ കൂറുമാറി. ഉമ്മ സുമയ്യക്കും മകന്റെ കാര്യമോർത്ത് സങ്കടം സഹിക്കാനാകുന്നില്ല.മീൻ കച്ചവടക്കാരനാണ് അൽ അമീന്റെ ബാപ്പ. അനുജൻ വിദ്യാർഥിയാണ്. എന്റെ മകന്റെ സ്ഥിതി മനസിലാക്കി ആരെങ്കിലും ജോലി നൽകാൻ തയാറാകുമോ -ഉമ്മ സുമയ്യ ചോദിക്കുന്നു.