ആലങ്ങാട്: പിതാവിന്റെ ആണ്ട് വിളിക്കാൻ പോയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി പഴന്പിള്ളി പരേതനായ ആന്റണിയുടെ മകൻ അലൻ (20) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയായിരുന്നു അപകടം.അലന്റെ പിതാവ് ആന്റണി കഴിഞ്ഞവർഷം ഏപ്രിൽ അഞ്ചിനാണ് മരിച്ചത്.
ഒന്നാം ചരമവാർഷികത്തിന്റെ ചടങ്ങിലേക്ക് ബന്ധുക്കളെ വിളിക്കാൻ പോകുകയായിരുന്ന അലൻ സഞ്ചരിച്ചിരുന്ന ബൈക്ക് കൂനമ്മാവ് ഭാഗത്ത് നിയന്ത്രണം വിട്ട് മതിലിലിടിച്ചു മറിയുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലനെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം നടത്തി. മാതാവ്: ഗ്രേസി ചേരിയംതുരുത്ത് മാപ്പിളശേരി കുടുംബാംഗം. സഹോദരങ്ങൾ: അനീറ്റ, അനസ്റ്റ.