കൊച്ചി: മാവോയ്സ്റ്റ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന കോഴിക്കോട് പന്തീരാംകാവ് സ്വദേശികളായ അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും. ഇരുവരെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുതരണമെന്നാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. അപേക്ഷയിൽ നാളെ കോടതി വാദം കേട്ട് വിധി പ്രഖ്യാപിക്കും.
ഇരുവരുടെയും റിമാൻഡ് കാലാവധി കൊച്ചി എൻഐഎ പ്രത്യേക കോടതി അടുത്ത മാസം 17 വരെ നീട്ടിയിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് ഇവരെ റിമാൻഡ് ചെയ്തത്. മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും താഹാ ഫസലിനെയും കോഴിക്കോട് പോലീസ് കസറ്റഡിയിൽ എടുക്കുന്നത്. തുടർന്ന് യുഎപിഎ ചുമത്തി ഇരുവരയെും അറസ്റ്റു ചെയ്യുകയായിരുന്നു.
ഇവരുടെ ബാഗിൽനിന്ന് മാവോവാദി അനൂകൂല ലഘുലേഖകകളും വീട്ടിൽ നടത്തിയ റെയ്ഡിൽ പെൻഡ്രൈവും ലാപ്ടോപ്പും സിം കാർഡും നിരോധിത മാവോവാദി സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തെന്നായിരുന്നു പോലീസ് പറഞ്ഞത്. തുടർന്ന് റിമാൻഡിൽ കഴിഞ്ഞുവരുന്ന ഇരുവരും ജാമ്യം തോടി കോഴിക്കോട് ജില്ലാ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹർജി നൽകിയിരുന്നുവെങ്കിലും തള്ളിയിരുന്നു.
നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം ചുമത്തിയ ഇരുവർക്കുമെതിരേ തെളിവുണ്ടെന്ന സർക്കാർ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകൾ കോടതി തള്ളിയത്. കഴിഞ്ഞ ഡിസംബർ 20 നാണ് കേസ് എൻഐഎ ഏറ്റെടുത്തത്. തുടർന്ന് ആദ്യമായിട്ടാണ് കേസ് എൻ ഐഎ കോടതി ഇന്ന് പരിഗണിച്ചത്.