സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ യുഎപിഎ നിലനിര്‍ത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).
യുഎപിഎ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് സംസ്ഥാന പോലീസിനു ലഭിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം വേഗത്തിലാക്കാന്‍ ഡിജിപിക്കു എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാഫലം മാവോയിസ്റ്റ് ബന്ധം തെളിയിക്കാവുന്ന നിര്‍ണായക രേഖയാവുമെന്നാണ് എന്‍ഐഎ കരുതുന്നത്.
യുഎപിഎ വിടാതെ
നിലവില്‍ ജാമ്യത്തിലിറങ്ങിയ രണ്ട് യുവാക്കള്‍ക്കെതിരേ എന്‍ഐഎ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. അതേസമയം ഇരുവര്‍ക്കുമെതിരേ സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ നിലനിര്‍ത്താന്‍ എന്‍ഐഎ പരമാവധി തെളിവുകള്‍ ശേഖരിക്കുന്നുണ്ട്.
യുവാക്കളില്‍ ഒരാളുടെ വീട്ടില്‍നിന്നു ലഭിച്ച പെയിന്റാണ് നിര്‍ണായകമായ തെളിവ്. ഈ പെയിന്റ് ഉപയോഗിച്ചു മാവോയിസ്റ്റ് അനുകൂല ബാനര്‍ എഴുതിയിരുന്നു.
ഫോറന്‍സിക് പരിശോധനക്കായി ഈ ബാനറും അയച്ചിട്ടുണ്ട്. ബാനറില്‍ എഴുതാനുപയോഗിച്ച മഷി തന്നെയാണ് യുവാക്കളില്‍ ഒരാളുടെ വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തതെന്നു തെളിഞ്ഞാല്‍ അതു നിര്‍ണായക തെളിവാകുമെന്നാണ് എന്‍ഐഎ കരുതുന്നത്. ഒരു വര്‍ഷമായിട്ടും പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
ഉസ്മാൻ ഇപ്പോഴും ഒളിവിൽ
കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിനായിരുന്നു സിപിഎം പ്രവര്‍ത്തകരായ അലന് ഷുഹൈബിനെയും താഹാ ഫസലിനെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചു പിന്നീടു പോലീസ് യുഎപിഎ ചുമത്തുകയും ചെയ്തു.
യുഎപിഎ ചുമത്തിയതിനാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുകയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസ് ഏറ്റെടുക്കുകയുമായിരുന്നു. അന്വേഷണത്തിനൊടുവില്‍ ഏപ്രിലില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.
അലന് ഒന്നാംപ്രതിയും താഹ രണ്ടാം പ്രതിയുമായാണ് കുറ്റപത്രം തയാറാക്കിയത്. മൂന്നാംപ്രതി ഉസ്മാന് ഒളിവിലാണ്.
ജാമ്യം അനുവദിക്കമെന്ന പ്രതികളുടെ നിരന്തരമായുള്ള ഹര്ജിക്കൊടുവില് സെപ്റ്റംബര്‍ ഒന്‍പതിന് എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു.