കോഴിക്കോട് : പന്തീരാങ്കാവ് മാവോവാദി കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിനൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സി. കേസില്‍ ഇന്നലെ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ച അലന് ഷുഹൈബിന്റേയും താഹ ഫസലിന്റേയും മൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ചോദ്യം ചെയ്തവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണ്.
ഇവരെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളും എന്‍ഐഎ ശേഖരിച്ചതായാണ് വിവരം. അലന്റേയും താഹയുടേയും അറസ്റ്റിന് പിന്നാലെ വയനാട് സ്വദേശികളേയും ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനേയും കസ്റ്റഡിയിലെടുത്തിരുന്നു.
ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശി സജിത്തിനെക്കുറിച്ചും അന്വേഷിച്ചിരുന്നു. ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയ എന്‍ഐഎ സംഘം ലാപ്ടോപ്പും പെന്‍ഡ്രൈവും അടക്കമുള്ളവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതിന് പുറമേ പോലീസ് ഏറ്റുമുട്ടലില്‍ വയനാട്ടില്‍ കൊല്ലപ്പെട്ട സി.പി. ജലീലിന്റെ ബന്ധുവിന്റെ വീട്ടിലും പരിശോധനകള്‍ നടത്തിയിരുന്നു.ഒന്‍പത് മൊബൈല്‍ ഫോണ്‍, രണ്ട് ലാപ്പ്, ഇ റീഡര്‍, ഹാര്‍ഡ് ഡിസ്ക്, സിം കാര്‍ഡുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. ഇതെല്ലാം വിശദമായി പരിശോധിച്ചിട്ടുണ്ട്.
പല നിര്‍ണായക തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചതായാണ് വിവരം. ഇവരെ കുറിച്ച് വീണ്ടും അന്വേഷിക്കുമെന്നും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ “രാഷ്ട്രദീപിക’യോട് പറഞ്ഞു.
ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയിലേക്ക്
അതേസമയം അലന് ഷുഹൈബിനും താഹ ഫസലിനും ജാമ്യം അനുവദിച്ച കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും എന്‍ഐഎ അന്വേഷണസംഘം അറിയിച്ചു.
ജാമ്യത്തിലിറങ്ങിയാല്‍ പ്രതികള്‍ വീണ്ടും മാവോയിസ്റ്റ് ആശയങ്ങളുമായി സമൂഹത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള സാധ്യത ഏറെയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ മണിപ്പൂരി വീട്ടില്‍ ഷുഹൈബിന്റെ മകന് അലന് ഷുഹൈബ് , പന്തീരാങ്കാവ് മൂര്‍ക്കനാട് കോട്ടുമ്മല്‍ അബൂബക്കറിന്റെ മകന് താഹ ഫസല്‍ എന്നിവരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
രാജ്യസുരക്ഷയെ ബാധിക്കും വിധത്തിലുള്ള കേസായതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എന്‍ഐഎ ഏറ്റെടുത്തത്.
കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരായിരുന്ന അലനും താഹയ്ക്കുമെതിരേ യുഎപിഎ ചുമത്തിയതാണ് എന്‍ഐഎ അന്വേഷണത്തിന് കാരണം. യുഎപിഎ ചുമത്തുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ അവസാന നിമഷം വരെ പിന്മാറിയിരുന്നില്ല. എന്‍ഐഎ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്.