കോഴിക്കോട് : സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ അന്വേഷണം തുടരുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) .കേസ് ഏറ്റെടുത്ത ശേഷം നടത്തിയ അന്വേഷണത്തില്‍ അലന് മുഹമ്മദിനും താഹാഫസലിനും പുറമേ കൂടുതല്‍ പേര് നഗരമാവോയിസ്റ്റുകളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എന്‍ഐഎയ്ക്ക് ലഭിച്ച വിവരം.
നഗര മാവോയിസ്റ്റുകള്‍ ആരെല്ലാമാണെന്നതിനെ കുറിച്ചും അലനും താഹയ്ക്കും സഹായികളായി പ്രവര്ത്തിച്ചവരാരെന്നും അന്വേഷിച്ചു വരികയാണെന്നും എന്‍ഐഎ അന്വേഷണസംഘാംഗങ്ങള്‍ “രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
അലനും താഹയ്ക്കുമൊപ്പമുണ്ടായിരുന്ന മാവോയിസ്റ്റ് നേതാവ് പാണ്ടിക്കാട് ഉസ്മാനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ മാത്രം ഗൗരവമുള്ളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
അന്വേഷണം സംസ്ഥാന പോലീസിനെ തന്നെ ഏല്‍പ്പിക്കണമെന്നാണ് ആഭ്യന്തരമന്ത്രിക്കയച്ച കത്തില്‍ പറയുന്നത്. എന്നാല്‍ കത്തയച്ചതിന്റെ പേരില്‍ അന്വേഷണം നിര്‍ത്തില്ലെന്നും ഔദ്യോഗിക ഉത്തരവ് ലഭിച്ചാല്‍ മാത്രമേ അന്വേഷണം അവസാനിപ്പിക്കുകയുള്ളൂവെന്നും എന്‍ഐഎ അറിയിച്ചു. ഗൗരവമുള്ള കേസായാണ് എന്‍ഐഎ ഇതിനെ കാണുന്നത്.
സിപിഎം ഉള്‍പ്പെടെയുള്ള മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ അര്‍ബണ്‍ മാവോയിസ്റ്റ് അനുഭാവികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന് നല്കിയ റിപ്പോര്‍ട്ട്. എന്‍ഐഎ അന്വേഷണത്തിലും ഇക്കാര്യം ബോധ്യമായിട്ടുണ്ട്.
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്മുഹമ്മദ്, താഹഫസല്‍ എന്നിവരും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നാണറിയുന്നത്. കോഴിക്കോടിനു പുറമേ കണ്ണൂര്‍ , വയനാട്, മലപ്പുറം ജില്ലകളിലും അര്‍ബണ്‍ മാവോയിസ്റ്റുകള്‍ സജീവമായുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ(ഐബി)യും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
പന്തീരാങ്കാവ് കേസ് അന്വേഷിച്ച ലോക്കല്‍ പോലീസിനും ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഈ വസ്തുതകള്‍ നിലനില്‍ക്കെയാണ് എന്‍ഐഎ കേസ് ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം എതിര്‍ക്കാതിരുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഐബിയുടേയും എന്‍ഐഎയുടെയും പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ് കേസ് സ്വമേധയാ ഏറ്റെടുത്തത്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ യുഎപിഎ ചുമത്തിയത് രാജ്യസുരക്ഷയെ ബാധിക്കും വിധത്തിലുള്ള കേസായതിനാലാണെന്നും അതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് കേസ് ഏറ്റെടുക്കണമെന്നുമാണ് ആഭ്യന്തരമന്ത്രാലയം എന്‍ഐഎയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ഇതിന് പുറമേ 2008 ലെ എന്‍ഐഎ നിയമത്തിലെ വ്യവസ്ഥകളും കേസ് കൈമാറേണ്ടത് സംബന്ധിച്ച് ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെ മുഖ്യമന്ത്രിയുടെ കത്ത് പരിഗണിച്ച് കേസ് വീണ്ടും സംസ്ഥാന പോലീസിന് കൈമാന്‍ സാധ്യതയില്ലെന്നാണ് സൂചന.