വെല്ലുവിളികളെ അതിജീവിച്ചു തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള യാത്രയിലാണ് യുവകലാകാരൻ അലൻ വിക്രാന്ത്.
വീൽചെയറിൽ ഇരുന്നുകൊണ്ട് മലയാളം, തമിഴ് ഉൾപ്പെടെ നാലു ഭാഷകളിൽ പാൻ ഇന്ത്യ മൂവീ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നവാഗതനായ അലൻ വിക്രാന്ത്.
കൊച്ചി ഗുഡ്നസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷനിൽ നിന്നും 2016ൽ മികച്ച സംവിധായകനും സിനിമറ്റൊഗ്രാഫർക്കുമുള്ള ഗോൾഡ് മെഡൽ പുരസ്കാര നേട്ടത്തോടെയാണ് അലൻ സിനിമാ പഠനം പൂർത്തിയാക്കിയത്.
പഠനശേഷം സിനിമകളിലും വെബ് സീരീസുകളിലും അനേകം ഷോർട്ട് ഫിലിമുകളിലും അലൻ വർക്ക് ചെയ്തു. പിന്നീട് അലനും സുഹൃത്ത് നിധിനും ചേർന്ന് ഗ്രീൻ വോൾഡ് മീഡിയ എന്ന പേരിൽ ഫിലിം പോസ്റ്റ്പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിച്ചു.
അഭിനയത്തോട് താല്പര്യമുണ്ടായിരുന്ന അലന് 2018-ൽ തമിഴ് സിനിമയിലേക്ക് അവസരവും ലഭിച്ചു.
അലൻ സെബാസ്റ്റ്യൻ എന്ന യഥാർഥ പേരിൽനിന്നും അലൻ വിക്രാന്ത് എന്ന പേരും സ്വീകരിക്കുന്നത് അക്കാലത്താണ്.
പുതിയ ഷോർട്ട് ഫിലിമിന്റെ ട്രയൽ ഷൂട്ടിംഗ് കഴിഞ്ഞ സമയത്താണ് സംവിധായകരും ഛായഗ്രഹകരുമായ അലനും സുഹൃത്ത് നിധിൻ ആൻഡ്രൂസിനും വാഹനാ പകടം സംഭവിക്കുന്നത്.
അപകടത്തിൽ നിധിൻ മരണപ്പെടുകയും അരയ്ക്കു താഴേക്ക് തളർന്ന് അലന്റെ ജീവിതം വീൽചെയറിലാവുകയും ചെയ്തു. എന്നാൽ തളർന്നുപോകാൻ അലൻ തയാറായിരുന്നില്ല.
വീൽചെയറിൽ ഇരുന്ന് സംവിധാനം ചെയ്തു പൂർത്തികരിച്ച ’കോട്ടയത്ത് ഒരു പ്രണയകാലത്ത്’ എന്ന ഷോർട്ട് ഫിലിം സമൂഹ മാധ്യമങ്ങളിൽ റിലീസ് ചെയ്തു. 2018 ആദ്യം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം വളരെയധികം പ്രതിസന്ധികളെ നേരിട്ട് ഇപ്പോഴാണ് റിലീസ് ആകുന്നത്.
അലനും സുഹൃത്ത് നിധിൻ ആൻഡ്രൂസും ചേർന്നു മുന്പ് ഷൂട്ട് ചെയ്തുവെച്ച ട്രയൽ ഷൂട്ടിംഗ് ഫൂട്ടേജ് ഉപയോഗിച്ചാണ് വീൽചെയറിൽ ഇരുന്നു ബാക്കി മുഴുവൻ വർക്കുകളും പൂർത്തീകരിച്ച് അലൻ തന്റെ ഷോർട്ട് ഫിലിം ഒരുക്കിയത്.
അലൻ, നിധിൻ ആൻഡ്രൂസ്, സാൻണ്ടി സീറോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷോർട്ട് ഫിലിം തനിക്കു സിനിമ സ്വപ്നത്തിന് ഉൗർജം പകർന്നതായി അലൻ പറയുന്നു.
വെല്ലുവിളികൾക്കിടയിലും തന്റെ പുതിയ ചിത്രത്തിനുള്ള തിരക്കഥ വീൽചെയറിൽ ഇരുന്ന് അലൻ എഴുതി.
താൻ പുതിയ സിനിമ ചെയ്യുന്നതിലൂടെ തന്നെപ്പോലെ പല രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും നിരാശയിലായിരിക്കുന്നവർക്കും പ്രചോദനമാകാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് അലൻ പങ്കുവയ്ക്കുന്നത്.