ആൻഡമാൻ നിക്കോബാറിലെ സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ അമ്പെയ്തിൽ കൊല്ലപ്പെട്ട അമേരിക്കൻ പൗരൻ ജോണ് അലൻ ചൗവ്വിന്റെ മൃതദേഹം കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ അവസാനിപ്പിക്കണമെന്ന് ആദിവാസി സംരക്ഷണ പ്രവർത്തകർ.
ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന “സർവൈവൽ ഇന്റർനാഷണൽ’ എന്ന സംഘടനയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ച് അധികൃതരെ സമീപിച്ചിരിക്കുന്നത്.
ജോണ് അലന്റെ മൃതദേഹം സെന്റിനൽ ഉപേക്ഷിച്ചിരിക്കുമെന്നും അവർ പറയുന്നു. മൃതദേഹം കണ്ടെത്തുവാനുള്ള ശ്രമങ്ങൾ ഇനിയും തുടർന്നാൽ അത് ഇരുകൂട്ടർക്കും വലിയ ആപത്തുണ്ടാക്കുമെന്നും “സർവൈവൽ ഇന്റർനാഷണൽ’, ഇന്ത്യൻ ഗവണ്മെന്റിന് മുന്നറിയിപ്പു നൽകി.
ഇന്ത്യൻ ഗവണ്മെന്റ് പ്രവേശനം നിരോധിച്ചിരിക്കുന്ന സെന്റിനൽ ദ്വീപിൽ, മത്സ്യബന്ധനത്തൊഴിലാളികൾക്ക് പണം നൽകി ഒരാഴ്ച്ച മുൻപാണ് ജോണ് അലൻ പ്രവേശിച്ചത്. പുറം ലോകവുമായി യാതൊരു വിധത്തിലുമുള്ള ബന്ധം പുലർത്താത്ത ഇവർ, ഇവിടെ എത്തുന്നവരെ പ്രതിരോധിക്കാറുമുണ്ട്.
150 സെന്റിനൽസ് മാത്രമാണ് ഈ ദ്വീപിലുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോണ് അലന്റെ മൃതദേഹം തിരികെ കിട്ടുന്നതിനുള്ള തെരച്ചിലുകളോട്, സെന്റിനൽ ദ്വീപിനെകുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന നരവംശ ശാസ്ത്രഞ്ജരും ഗവേഷകരും തങ്ങളുടെ ആശങ്ക അറിയിച്ചിട്ടുണ്ട്.
ജോണ് അലന്റെ മൃതദേഹം കണ്ടുകിട്ടുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിൽ, വളരെ വലിയ പ്രശ്നങ്ങളുണ്ടാകുമെന്നും അത് ജീവഹാനിക്കു വരെ കാരണമായേക്കാവുന്നതാണെന്നും ആദിവാസി സംരക്ഷക പ്രവർത്തകർ പറഞ്ഞു. സെന്റിനൽസിന്റെ അവകാശങ്ങളും ആഗ്രഹങ്ങളും ബഹുമാനിക്കപ്പെടേണ്ടതാണെന്നും സംഘടനയുടെ വക്താക്കൾ പറഞ്ഞു.
സെന്റിനൽസുമായി ഒരു വിധത്തിലുമുള്ള സംഘടനത്തിനും തയാറല്ലെന്നാണ് പോലീസ് അറിയിക്കുന്നത്. മാത്രമല്ല സമാധാനപരമായി അവരെ സമീപിക്കുവാനായി വിദഗ്ദരുടെ ഉപദേശം സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ദ്വീപിന് സമീപത്തായി ഹെലികോപ്റ്ററിലും കപ്പലിലുമായി പോലീസ് പരിശോധന നടത്തിയിരുന്നുവെങ്കിലും ജോണ് അലൻ കൊല്ലപ്പെട്ടത് എവിടെ വച്ചാണ് എന്ന് കണ്ടെത്തുന്നതിൽ ഇവർ പരാജയപ്പെടുകയായിരുന്നു.
നോർത്ത് സെന്റിനൽ ഐലൻഡിൽ പോകുന്നതിനു വിലക്കുണ്ട്, എങ്കിലും തങ്ങൾക്ക് ലഭിച്ച കൊലപാതക കേസ് അന്വേഷിക്കേണ്ടതുണ്ടെന്ന് ആൻഡമാനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ദീപേന്ദ്ര പതക് അറിയിച്ചു. എന്നാൽ സെന്റിനൽസുമായി ഒരു സംഘടനത്തിന് തങ്ങൾ തയാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസിന്റെയും നേവിയുടെയും കോസ്റ്റഗാർഡിന്റെയും കണ്ണ് വെട്ടിച്ച് താൻ എങ്ങനയാണ് ദ്വീപിൽ കയറിപ്പറ്റിയതെന്ന് 13 പേജുള്ള ഡയറിയിൽ ജോണ് അലൻ വിവരിച്ചിട്ടുണ്ട്.
സെന്റിനൽസുമായി എപ്രകാരം ബന്ധപ്പെടാം എന്ന ആശയവുമായി വിദഗ്ദരടക്കം നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.