വൈപ്പിൻ: സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ വൈപ്പിനിൽ രണ്ടു ജീവനുകൾകൂടി പൊലിഞ്ഞു.
അമിത വേഗതയിലെത്തിയ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ ചെറായി കുഞ്ഞേലുപറന്പിൽ കെ.ജെ. ഫ്രെഡി(22), പള്ളിപ്പുറം കോണ്വന്റ് പടിഞ്ഞാറ് കുളങ്ങര സ്റ്റാന്റലിയുടെ മകൾ അലന(31) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ സംസ്ഥാനപാതയിൽ ഓച്ചന്തുരുത്ത് സ്കൂളിനു സമീപമായിരുന്നു അപകടം.
പറവൂരിൽനിന്നു ഗോശ്രീ വഴി എറണാകുളത്തേക്ക് പോകുകയായിരുന്ന ഹോളിലാൻഡ് ബസ് ഒരു കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മറ്റൊരു ബൈക്കിലും ഇടിച്ചാണ് ബസ് നിന്നത്. ബസ് ഡ്രൈവർ സംഭവത്തിനുശേഷം ബസിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
സ്ഥലത്തെത്തിയ ഹൈവേപോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.
ഏറെ താമസിയാതെ യുവതിയും മരണത്തിനു കീഴടങ്ങി. ഫ്രെഡി പള്ളിപ്പുറം ആതിര സൂപ്പർമാർക്കറ്റിലെ ജീവനക്കാരനും അലന അവിടത്തെ മുൻ ജീവനക്കാരിയുമാണ്.
അലനയുടെ അച്ഛന് മൊബൈൽ ഫോണ് വാങ്ങാൻ എറണാകുളത്തുപോയി മടങ്ങുകയായിരുന്നു ഇവർ.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും. ഫ്രെഡിയുടെ അച്ഛൻ ജോസഫ് വർഗീസ്. അമ്മ: ബീന. സഹോദരി: ഫെബി. അലനയുടെ അമ്മ: ലീന.
ഗൾഫ് സ്വപ്നങ്ങൾ ബാക്കിയാക്കി അലന പറന്നത് മരണത്തിലേക്ക്
വൈപ്പിൻ: ഗൾഫ് സ്വപ്നങ്ങൾ ബാക്കിയാക്കി അലന പറന്നത് മരണത്തിനൊപ്പം. അലനയുടെ അമ്മ ലീന ഗൾഫിലാണ്.
അമ്മ അവിടെ വിസ റെഡിയാക്കിയതിനെത്തുടർന്ന് അടുത്തദിവസം ഗൾഫിലേക്ക് പോകാനിരിക്കുകയായിരുന്നു അലന.
ഇതിനിടെ അച്ഛന്് മൊബൈൽ ഫോണ് വാങ്ങുന്നതിനായി സഹപ്രവർത്തകനായിരുന്ന ഫ്രെഡിയെയും കൂട്ടി എറണാകുളത്തുപോയി മടങ്ങുന്പോഴാണ് മരണം സ്വകാര്യ ബസിന്റെ രൂപത്തിലെത്തി ഇവരെ കവർന്നെടുത്തത്.
പള്ളിപ്പുറം ആതിര സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്ന അലന ഗൾഫിലേക്ക് വിസ ശരിയായതോടെ ജോലിരാജിവയ്ക്കുകയായിരുന്നു.