സമൂഹത്തില്‍ അരങ്ങേറുന്ന അനീതിയ്ക്കും അക്രമത്തിനുമെതിരെ പ്രതികരണങ്ങള്‍ നടത്തുകയും വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് നടനും കൂടിയായ അലന്‍സിയര്‍. ഇപ്പോഴിതാ അലന്‍സിയറിനെതിരെ സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വിദ്വേഷ പ്രചരണം കടുക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ പ്രസ്താവന നടത്തിയപ്പോള്‍, കറുത്ത തുണി കൊണ്ട് കണ്ണ് മറച്ച് കൊല്ലം ചവറ പോലീസ് സ്റ്റേഷനിലെത്തിയ അലന്‍സിയറുടെ നടപടിയാണ് ഇപ്പോള്‍ സംഘ്പരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്.
അലന്‍സിയറെ വധിക്കുക, കണ്ണ് അടിച്ചു പൊട്ടിക്കുക തുടങ്ങിയ പ്രതികരണങ്ങളാണ് സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പ് ആയ ‘കാവിപ്പട’യില്‍ നിറയുന്നത്. അലന്‍സിയറുടെ ചിത്രമടക്കം, ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ എന്തു ചെയ്യും?’ എന്ന, ശ്രുതി അശോകന്‍ എന്ന പ്രൊഫൈലില്‍ നിന്നു വന്ന പോസ്റ്റിനു കീഴെയാണ് കൊലവിളിയും അക്രമത്തിനുള്ള ആഹ്വാനവും നിറയുന്നത്. പോസ്റ്റിന് ആറ് മണിക്കൂറിനകം ആയിരത്തോളം ലൈക്കാണ് ലഭിച്ചത്.
ചുട്ടുകൊല്ലണം, വെട്ടിക്കൊല്ലണം, കാലും കൈയും വെട്ടും ബാക്കി വന്നാല്‍ കത്തിക്കും തുടങ്ങി അക്രമാസക്തമായ പ്രതികരണങ്ങളാണ് മിക്കതും. കണ്ണ് കുത്തിപ്പൊട്ടിക്കുമെന്ന ഭീഷണിയുള്ളതിനാല്‍ കണ്ണ് രണ്ടും കറുത്ത തുണി കൊണ്ട് കെട്ടിയായിരുന്നു അലന്‍സിര്‍ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയത്. സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടുകളിലെത്തി കണ്ണ് ചൂഴ്‌ന്നെടുക്കണമെന്നാണ് സരോജ് പാണ്ഡെ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വ്യത്യസ്ത പ്രതിഷേധവുമായി അലന്‍സിയര്‍ പോലീസില്‍ പരാതി നല്‍കിയത്.