ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശിരസറ്റ പുരുഷ മൃതദേഹം ആരുടേതെന്ന് കണ്ടെത്താൻ കഴിയുന്നില്ല.
കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്, പ്ലാപ്പള്ളി, മുക്കുളം എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മരണമടഞ്ഞവരുടെ ലിസ്റ്റിൽപ്പെട്ട പ്ലാപ്പള്ളി ആറ്റുചാലിൽ ജോമിയുടെ മകൻ അലൻ(13)ന്റെ മൃതദേഹം എന്നു പറഞ്ഞാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ മുണ്ടക്കയം പോലീസ് ഞായറാഴ്ച മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ചത്.
പോസ്റ്റ്മോർട്ടത്തിനായി ടേബിളിൽ കിടത്തിയപ്പോഴാണ് ശിരസറ്റ മൃതദേഹം 13 കാരന്റേതല്ലന്നു ഫോറൻസിക് വിഭാഗം ഡോക്ടർമാർ കണ്ടെത്തിയത്.
തുടർന്ന് മൃതദേഹം അലന്റെതല്ലെന്നുള്ള വിവരം പോലീസിനേയും ബന്ധുക്കളേയും അറിയിച്ചശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ വൈകുന്നേരം 5.30ന് കൂട്ടിക്കൽ താളുങ്കൽ ഭാഗത്തുനിന്ന് ലഭിച്ച മൃതദേഹ ഭാഗങ്ങൾ അലന്റെതാണെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഡിഎൻഎ പരിശോധന നടത്തിയ ശേഷമേ തുടർനടപടി സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതർ പറയുന്നു.
ഇതോടെ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ആരുടേതെന്ന ചോദ്യം ഉയരുകയാണ്.
കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പതിനഞ്ച് വർഷക്കാലം മെന്പറും ഇപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ജസി ജോസ് പറയുന്നത് ഇങ്ങനെയാണ്:
പ്ലാപ്പള്ളി ഭാഗത്തെ ഈ വാർഡിൽ, ബന്ധുക്കൾ ആരും ഇല്ലാതെ ഒറ്റയ്ക്ക് തുടിപ്പിനേയിൽ ഷാജി എന്നൊരാൾ താമസിച്ചിരുന്നു.
നാട്ടുകാരോട് സഹകരിക്കാതെ റബർ തോട്ടങ്ങളിലെ ഒട്ടുപാൽ ശേഖരിച്ച് വിൽപന നടത്തി ജീവിക്കുകയായിരുന്നു ഇയാൾ. സ്വന്തമായി റേഷൻ കാർഡോ മറ്റു രേഖകളോ ഷാജിക്കുണ്ടായിരുന്നില്ല.
ചില സമയങ്ങളിൽ നാട്ടിൽനിന്നും പോയാൽ ഒരു മാസം പിന്നിട്ട ശേഷമേ തിരികെ വീട്ടിലെത്താറുള്ളൂ. ഇയാൾ താമസിച്ചിരുന്ന ചെറിയ വീട് ഇപ്പോഴും അവിടെയുണ്ട്.
ഒരുപക്ഷേ, ഉരുൾപൊട്ടിയുണ്ടായ മലവെള്ളപാച്ചിലിൽപ്പെട്ട് ഇയാളും മരണപ്പെട്ടതാകാമെന്ന് കരുതുന്നു. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശിരസറ്റ മൃതദേഹം ഷാജിയുടേതായിരിക്കുമെന്ന് നാട്ടുകാരും പറയുന്നു.
ഈരാറ്റുപേട്ട പിണ്ണാക്കനാട് പ്രദേശത്ത് ഇയാളുടെ ഒരു സഹോദരി താമസിക്കുന്നതായി അറിയാം. അവർ മുഖേന അന്വേഷണം നടത്താൻ തയാറാകുകയാണ്. നാട്ടുകാരും ബന്ധപ്പെട്ട അധികൃതരും.