നടന് അലന്‍സിയറിനെതിരായ ലൈംഗികാരോപണങ്ങളില്‍ പ്രതികരണവുമായി സംവിധായകന് ആഷിഖ് അബു. അലന്സിയറിനെതിരായി വെളിപ്പെടുത്തല്‍ നടത്തിയ ദിവ്യ ഗോപിനാഥിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് ആഷിഖ് അബുവിന്റെ പ്രതികരണം.
അലന്‍സിയറിന്റെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യേണ്ടിവന്നതില് ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നുവെന്നും അലന്‍സിയര്‍ സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടു നടക്കുകയാണെന്നും ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ആഭാസം ഷൂട്ടിങിനിടെ അലന്‍സിയര്‍ മോശമായി പെരുമാറിയെന്നാണ് ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തിയിരുന്നത്. മറ്റു സിനിമയുടെ സെറ്റില്‍ പോയി താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെക്കുറിച്ച് അലന്‍സിയര്‍ മോശമായി സംസാരിച്ചുവെന്നും ദിവ്യ പറഞ്ഞിരുന്നു. ഫഹദ് ഫാസില്‍ ചിത്രമായ മണ്‍സൂണ്‍ മാംഗോസിന്റെ ഷൂട്ടിംങ് വേളയില്‍ അമേരിക്കയില്‍ വെച്ചും അലന്‍സിയര്‍ മോശമായി പെരുമാറിയതായി വെളിപ്പെടുത്തലുണ്ടായിരുന്നു.
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
നടന് അലന്‍സിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത് . ഇയാള്‍ തുടര്‍ച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെണ്‍കുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാള്‍. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യേണ്ടിവന്നതില് ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു. ദിവ്യക്ക് അഭിവാദ്യങ്ങള്‍ !