വിവിധ വിഷയങ്ങളില്‍ വ്യത്യസ്തമായ പ്രതിഷേധങ്ങള്‍ നടത്തി ശ്രദ്ധേയനായിട്ടുള്ള വ്യക്തിയാണ് നടന്‍ അലന്‍സിയര്‍. ബുധനാഴ്ച നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങിനിടയിലും വ്യത്യസ്തമായ ഒരു പ്രതിഷേധം അലന്‍സിയറിന്റെ ഭാഗത്തു നിന്നുണ്ടായി. ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച മോഹന്‍ലാലിനെതിരെയായിരുന്നു ഇത്തവണ അലന്‍സിയറിന്റെ പ്രതിഷേധം. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു, അലന്‍സിയര്‍.
മോഹന്‍ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ അലന്‍സിയറുടെ പ്രവൃത്തി. തുടര്‍ന്നു സ്റ്റേജിലേക്കു കയറി മോഹന്‍ലാലിന് അടുത്ത് എത്താനുള്ള ശ്രമം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പോലീസും ചേര്‍ന്നു തടയുകയും സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
ഇതിനിടയില്‍ മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എംഎല്‍എ തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.
അതേസമയം തന്റെ പ്രവൃത്തിയില്‍ പ്രതിഷേധസൂചകമായി എന്തെങ്കിലും കാണേണ്ടതില്ലെന്ന് അലന്‍സിയര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ആ നിമിഷം എന്താണു ചെയ്തതെന്നു വ്യക്തമായ ഓര്‍മയില്ലെന്നും അദ്ദേഹം പറഞ്ഞു.