തിരുവനന്തപുരം: യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിൽ കഴിയുന്ന സിപിഎം പ്രവർത്തകരായ അലനെയും താഹയെയും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇരുവരെയും കസ്റ്റഡിയിലെടുത്തത് സംശയാസ്പദ സാഹചര്യത്തിലാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന ഉസ്മാൻ പല യുഎപിഎ കേസുകളിലും പ്രതിയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
എം.കെ. മുനീറിന്റെ അടിയന്തരപ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രിയുടെ മറുപടി. അറസ്റ്റിലായവർക്കെതിരേ ഏതു വകുപ്പാണ് ചുമത്തേണ്ടതെന്ന് തീരുമാനിക്കുന്നത് പോലീസാണ്, സർക്കാരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിന്റെ അന്വേഷണം എൻഐഎയ്ക്ക് കൈമാറിയത് സംസ്ഥാന സർക്കാരല്ല. കേന്ദ്രം സ്വമേധയാ കേസ് ഏറ്റെടുക്കുവായിരുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
അലനെ കോളജിൽനിന്ന് പുറത്താക്കിയ സംഭവത്തിലും മുഖ്യമന്ത്രി മറുപടി നൽകി. വേണ്ടത്ര ഹാജർ നിലയില്ലാത്തതിനാലാണ് അലനെ കോളജിൽനിന്ന് പുറത്താക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വിദ്യാർഥികളെ പോലീസ് അകാരണമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
പോലീസ് നിയമവിരുദ്ധമായ നീക്കങ്ങൾ നടത്തിയാണ് അലനെയും താഹയെയും അറസ്റ്റ് ചെയ്തെന്നും സിപിഎം കുടുംബങ്ങളിൽ നിന്ന് വരുന്ന ഈ വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നതെന്നും മുനീർ അടിയന്തരപ്രമേയ നോട്ടീസിൽ വിമർശിച്ചു.