ചേർത്തല: വീടിനുചുറ്റും വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഗൃഹനാഥന്റെ സംസ്കാരം പശുത്തൊഴുത്തിൽ നടത്തി. നഗരസഭ 15-ാം വാർഡ് നെടിയാമ്പലചിറ വീട്ടിൽ പ്രകാശന്റെ (59) മൃതദേഹമാണ് തൊഴുത്തിൽ ദഹിപ്പിക്കേണ്ടി വന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വീടിനു ചുറ്റും വലിയ വെള്ളക്കെട്ടായിരുന്നു. മുട്ടോളം വെള്ളം നിറഞ്ഞ് ദുരിതമനുഭവിക്കുന്നതിനിടെയാണ് ഇങ്ങനെയൊരു ദുരന്തവും നേരിടേണ്ടി വന്നത്.
പച്ചക്കറി കടയിലെ തൊഴിലാളിയായ പ്രകാശൻ ബുധനാഴ്ച രാവിലെ കടയിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് പോലും വയ്ക്കാൻ പറ്റാത്ത വെള്ളക്കെട്ടായിരുന്നു വീടിനു ചുറ്റും.
മാസങ്ങൾക്കു മുമ്പ് പശുവളർത്തൽ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ പ്രളയകാലത്ത് പശുക്കളെല്ലാം നഷ്ടമായ തൊഴുത്തിലാണ് പ്രകാശന്റെ അന്ത്യകർമത്തിനായി സ്ഥലം കണ്ടെത്തിയത്.
ഭാര്യ: ഷീല. മക്കൾ: പ്രസിമോൾ, പ്രജി മോൻ. മരുമക്കൾ: രാജേഷ്, ആരതി.