കായംകുളം: കരിമണൽ ഖനനത്തിന്റെ പാരിസ്ഥിതിക ദുരന്ത ഭീഷണി നേരിടുന്ന ആലപ്പാട് ജനതയുടെ നിലനിൽപ്പ് സംരക്ഷിക്കണമെന്ന ആവശ്യവുമായി ചെറിയഴീക്കലിൽ നടക്കുന്ന സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിംഗ് സത്യാഗ്രഹ സമരം 75-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരനും ആലപ്പാട് സന്ദർശിക്കും.
16 ന് ആലപ്പാട് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സമരത്തെ തള്ളിയുള്ള വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവന ഇപ്പോൾ ഏറെ വിവാദമായിരിക്കുകയാണ്. ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്തുകാരാണെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ സേവ് ആലപ്പാട് സമരസമിതിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടയിൽ പ്രതിപക്ഷവും ആലപ്പാട് വിഷയം ഏറ്റെടുത്ത് സമരത്തിനിറങ്ങുമെന്നും സൂചനയുണ്ട്. ഖനനം നിർത്തിവച്ച് സമരക്കാരുമായി സർക്കാർ ചർച്ച നടത്തണമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്.