അതിജീവനത്തിനായി പടപൊരുതുന്ന ആലപ്പാട് തീരദേശത്തുള്ളവര്‍ എല്ലാവരും സമരത്തിലാണോ? ഇന്ത്യന്‍ റെയര്‍ ഏര്‍ത്ത്‌സ് കമ്പനിയുടെ ലക്ഷ്യമെന്താണ്? ആലപ്പാട്ടെ ഖനനത്തെക്കുറിച്ച് യുവമാധ്യമപ്രവര്‍ത്തകര്‍ക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

ആലപ്പാടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായ വിഷയങ്ങളിലൊന്ന്. ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കുന്ന ഖനനത്തിനെതിരേ നാട്ടുകാര്‍ നടത്തുന്ന വര്‍ഷങ്ങളായുള്ള സമരം ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ വരെ നിറഞ്ഞു നില്ക്കുകയാണ്. സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെ ആലപ്പാടുകാരുടെ പ്രശ്‌നം ലോകം അറിഞ്ഞെങ്കിലും ഈ പ്രദേശത്തെ നേര്‍ചിത്രം പലപ്പോഴും പുറത്തേക്ക് വരുന്നില്ല.

മാധ്യമപ്രവര്‍ത്തകനായ സുധി. സി.ജെ. ആലപ്പാട് സന്ദര്‍ശനം നടത്തിയശേഷം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിട്ടുണ്ട്. സുധിയുടെ പോസ്റ്റില്‍ നിന്ന്-

ഇന്ന് കൊല്ലം ജില്ലയില്‍ ഒരാവശ്യമായി ബന്ധപ്പെട്ടു പോയിരുന്നു. മടക്കയാത്രയില്‍ കരുനാഗപള്ളിക്കടുത്തുള്ള ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ആലപ്പാട് എന്ന തീരദേശ ഗ്രാമത്തില്‍ പോയിരുന്നു. ഞാനൊരു പരിസ്ഥിതി പ്രവര്‍ത്തകനോ പരിസ്ഥിതി ജ്ഞാനമുള്ള വ്യക്തിയല്ല. ആലപ്പാട്ടുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റൊഴികെ ഒന്നും ഇതുവരെ ഷെയര്‍ ചെയ്തിട്ടുമില്ല. ഷെയര്‍ ചെയ്ത ഏക പോസ്റ്റ് ആലപ്പാട്ടിന് മറുകരയില്‍ താമസിക്കുന്ന സുഹൃത്ത് മണികണ്ഠന്റേത് മാത്രമായിരുന്നു. വിഷയം സംബന്ധിച്ച് വ്യക്തത ഇല്ലാതിരുന്നത് കൊണ്ടും സോഷ്യല്‍ മീഡിയ ക്യാംപയനിങുകളില്‍ പലതും ഉറവിടം പോലും നോക്കാതെ പങ്കുവെക്കുന്ന പ്രവണതകള്‍ ഉള്ളതു കൊണ്ടുമാണ് മൗനം പാലിച്ചത്

ആ പ്രദേശത്ത് പോയപ്പോള്‍ സംശയങ്ങള്‍ക്ക് വ്യക്തത വന്നില്ലെന്ന് മാത്രമല്ല, ചിന്താകുഴപ്പം കൂടുകയും ചെയ്തു. രണ്ട് ലൈവ് വീഡിയോ പങ്കുവെച്ചപ്പോള്‍ സുഹൃത്തുകളും മാധ്യമപ്രവര്‍ത്തകരും അവരുടെ ചില ആശങ്കകളും സംശയങ്ങളും പങ്കുവെച്ചു. വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിട്ട് പ്രതികരിക്കാമെന്ന് തീരുമാനിച്ചു. ആലപ്പാട്ടിന് അടുത്തുള്ള കൊല്ലം ജില്ലയിലെ തന്നെ തീരദേശവാസികളും മുക്കുവ തൊഴിലാളികളുടെ മക്കളുമായ രണ്ടു സുഹൃത്തുക്കളെ കൂടി വിളിച്ച് വിശദമായി സംസാരിച്ചു. മണികണ്ഠനോടും സംസാരിച്ചിരുന്നു.

സുഹൃത്തുകളോടും പ്രദേശവാസികളോടും സംസാരിച്ചതില്‍ നിന്നും സമരപന്തലിലും ഖനനം നടക്കുന്ന പ്രദേശത്തും സന്ദര്‍ശിച്ചതിന്റേയും അടിസ്ഥാനത്തിലും എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്. ഇത് എന്റെ മാത്രം ബോധ്യങ്ങളാണ്. ഇതാണ് അന്തിമമായ ശരിയെന്ന് അവകാശപ്പെടാനും അതുകൊണ്ട് തന്നെ കഴിയില്ല.

നാള്‍വഴികള്‍…

ആലപ്പാട്ടും കൊല്ലം ജില്ലയിലെ സമീപ തീരദേശ ഗ്രാമങ്ങളിലും ഇന്ത്യന്‍ റെയര്‍ ഏര്‍ത്സ് (ഐ.ആര്‍.ഈ.) എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം നടത്തുന്ന കരിമണല്‍ ഖനനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഖനനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങള്‍ വിട്ടു നല്‍കിവര്‍ക്ക് സ്ഥലവും നഷ്ട പരിഹാരവും നല്‍കിയിട്ടുണ്ട്. അതേ സ്ഥലം തന്നെ വേണമെന്ന് പറഞ്ഞവര്‍ക്ക് ഖനനത്തിന് ശേഷം വെള്ള മണ്ണിട്ട് നികത്തി പഴയ സ്ഥലത്ത് തന്നെ വീണ്ടും വീട് വെക്കാന്‍ അനുമതി നല്‍കിയ ചരിത്രവുമുണ്ട്. പ്രദേശവാസികളില്‍ പലര്‍ക്കും ഐ.ആര്‍.ഈ. കമ്പനി തൊഴിലും നല്‍കിയിട്ടുണ്ട്.

ഈ തീരദേശ ഗ്രാമങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ പലര്‍ക്കും നഷ്ടപരിഹാര തുക വാങ്ങി മറ്റൊരു പ്രദേശത്ത് പോയി സ്ഥിര താമസമാക്കന്‍ താല്‍പര്യമുള്ളവരായിരുന്നു. എന്നാല്‍ ഉപജീവനത്തിനായി മത്സ്യബന്ധനത്തിനെ ആശ്രയിച്ച കുടുംബങ്ങളാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത്. അവരില്‍ ചിലര്‍ തൊട്ടട്ടുത്ത തീരദേശ ഗ്രാമങ്ങളിലേക്ക് കുടിയേറി പാര്‍ക്കുകയും മത്സ്യബന്ധനം തുടരുകയും ചെയ്തു. മറ്റു പ്രദേശങ്ങളിലേക്ക് പോയവര്‍ മറ്റു ജോലികള്‍ തിരഞ്ഞെടുത്തു. ഇങ്ങനെ ഖനനം നടത്തിയ പ്രദേശങ്ങളിലെ മത്സ്യ ബന്ധന കോളനികള്‍ പലതും ഓര്‍മ മാത്രമായി. ആ പ്രദേശത്തൊക്കെ പൊട്ടി പൊളിഞ്ഞ പഴയ ക്ഷേത്രങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതില്‍ നിന്ന് അല്‍പ്പം കൂടി ഗൗരവമുള്ളതാണ് ആലപ്പാടിന്റെ അവസ്ഥ.

ആലപ്പാട്ട് കണ്ടതും കേട്ടതും….

കരുനാഗപള്ളി എച്ച് ആന്റ് ജെ മാളിനു സമീപത്തുള്ള വഴി നേരേ അല്‍പം ദൂരം മുന്നോട്ടു പോകുമ്പോള്‍ ഒരു പാലം ഉണ്ട്. പാലം അവസാനിക്കുന്നിടത്ത് വഴികള്‍ രണ്ടായി തിരിയും. വലത്തോട്ടുള്ള വഴിയിലാണ് ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമര പരിപാടികള്‍ നടക്കുന്നത്. അവിടുത്തെ ഒരു ക്ഷേത്രത്തിന് സമീപമാണ് സമരപന്തല്‍. പന്തലില്‍ ആരൊക്കെയോ നിരാഹാരം കിടപ്പുണ്ട്. ആരൊക്കെയോ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

പന്തലിലെ ആളുകളെ കാണാന്‍ കഴിയാത്ത വിധത്തില്‍ മൊബൈല്‍ ക്യാമറയുമായി യുവാക്കളുടെ നീണ്ട നിരയുണ്ട്. ചില യുവാക്കള്‍ മൊബൈല്‍ ഫോണിലൂടെ ലൈവ് റിപ്പോര്‍ട്ടിങ് നടത്തുന്നുമുണ്ട്. ചാനലില്‍ നിന്ന് മറ്റുമാണോ എന്ന ധാരണയില്‍ ചിലര്‍ ബൈറ്റ് നല്‍കാനായി തയ്യാറായി സൗഹൃദത്തോടെ സംസാരിക്കുന്നുമുണ്ട്. ചാനലില്‍ നിന്നല്ല എന്നറിഞ്ഞപ്പോള്‍ പിന്നെ വലിയ താല്‍പര്യവും കാണിച്ചില്ല. എനിക്ക് അനുഭവപ്പെട്ട കാര്യം പ്രദേശവാസികളുടെ സാന്നിധ്യം ആ സമരപന്തലിനു സമീപം വിരളമാണ്.

രണ്ട്, സമരം നടക്കുന്നതും ഖനനം നടക്കുന്നതും വീപരീത ദിക്കുകളിലാണ്. ക്യാപയനിങിനൊപ്പം നില്‍ക്കുമ്പോഴും സമരത്തെയും സമരത്തിന് പിന്തുണയുമായി ഇപ്പോള്‍ ഒപ്പം കൂടിയിരിക്കുന്ന ചിലരെയെങ്കിലും പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ല. സമരത്തെ അടച്ച് ആക്ഷേപിക്കുകയല്ല. ചില്ല സംശയങ്ങള്‍ പങ്കുവെച്ചു എന്നു മാത്രം. ആത്മാര്‍ത്ഥമായി സമരത്തില്‍ പങ്കെടുക്കുന്നവരോടുള്ള ബഹുമാനം നിലനിര്‍ത്തി കൊണ്ടു തന്നെ.

ഖനനം നടക്കുന്ന പ്രദേശങ്ങളില്‍ താമസിച്ചവരെല്ലാം സ്ഥലം കമ്പനിക്കു നല്‍കി അവിടെ വിട്ടു പോയവരാണ്. അവിടെ പെട്ടി കട നടത്തുന്ന ഒരു അമ്മൂമ്മയെ കണ്ടു. കടയോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു വീട്. അവസാനം വരെ പിടിച്ച് നിന്നെങ്കിലും അടുത്തിടെ അവരും സ്ഥലം കൈമാറി. മകനൊപ്പം അല്‍പ്പം മാറിയാണ് താമസം ഇപ്പോള്‍. മകനെയും മരുമകളെയും ബുദ്ധിമുട്ടിക്കാന്‍ താല്‍പര്യമില്ലാത്തതു കൊണ്ട് ആ അമ്മൂമ്മ കമ്പനിയുടെ അതീനതയിലുള്ള സ്ഥലത്ത് തന്നെ അവരോട് അനുവാദം വാങ്ങി കട നടത്തുകയാണ്.

നന്നേ ചെറുപ്പത്തില്‍ വിധവയായ അവര്‍ 27 കൊല്ലമായി അവിടെ കട നടത്തി വരുന്നു. അതുകൊണ്ടാണ് മക്കളെ പഠിപ്പിച്ചതൊക്കെ. ഇപ്പോഴും ആരെയും ആശ്രയിക്കാതെ അഭിമാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണ് കടയുമായി മുന്നോട്ട് പോകുന്നത്. സ്ഥലവും വീടും പോയതില്‍ സങ്കടമുണ്ടെങ്കിലും കമ്പനിയുടെ ഔദാര്യത്തില്‍ അവരുടെ സ്ഥലത്ത് കട നടത്തുന്നത് കൊണ്ട് അവര്‍ക്ക് പൂര്‍ണ്ണമായും ഖനനത്തിനെ തള്ളി പറയാന്‍ വിഷമമുണ്ട്. വിധേയത്വവും ഉണ്ട്.

ഇത്തരത്തില്‍ കഴിഞ്ഞ കൂറെ കാലങ്ങളായി പ്രദേശവാസികളെ വിധേയരാക്കി നിര്‍ത്താന്‍ കഴിഞ്ഞതാണ് ഐ.ആര്‍.ഈ. യുടെ വിജയം.
സംഭവം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ആണെങ്കിലും കോര്‍പ്പറേറ്റ് ഫിലോസഫി തന്നെയാണ് ഇവരും പിന്തുടരുന്നത്. ഒരുമിച്ചൊരു തുക നഷ്ടപരിഹാരം കൊടുക്കുമ്പോള്‍ ആയുസ്സില്‍ അത്രയും പണം ഒരുമിച്ച് കാണാനോ സമ്പാദിക്കാനോ കഴിയാത്ത സാധാരണക്കാരന് അത് മികച്ചൊരു ഓഫാറാണ്.

ഐ.ആര്‍.ഈ കമ്പനിയില്‍ ജോലി ലഭിച്ചവര്‍ക്കും ഒരിക്കലും ഖനനത്തെ തള്ളി പറയാന്‍ കഴിയില്ല. ഇത്തരത്തില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഐ.ആര്‍.ഈ. വിധേയരാക്കിവെച്ചിട്ടുള്ളവര്‍ക്ക് ഒരിക്കലും ഖനനത്തെ തള്ളി പറയാന്‍ കഴിയില്ല. ഇനി ഈ പ്രദേശത്ത് അവശേഷിക്കുന്നവര്‍ക്കാകട്ടെ സമീപഭാവിയില്‍ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായ അവബോധമില്ല. ഇവരിലെ പുതിയതലമുറയില്‍പ്പെട്ട ചിലരാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ വിഷയത്തിലേക്ക് ക്ഷണിക്കുന്നത്.

കരിമണല്‍ ഖനനവും യഥാര്‍ത്ഥ്യവും

സമ്പത്ത് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കരിമണല്‍ ഖനനം വലിയ സാധ്യതയാണ് തര്‍ക്കമില്ല. ഒരു ചെറിയ സമൂഹത്തിന്റെ നഷ്ടങ്ങള്‍ മറ്റൊരു വലിയ സമൂഹത്തിന്റെ വികസനത്തിലേക്ക് വഴിതെളിയിക്കുമെന്ന വികസന മുദ്രാവാക്യവും മുഴക്കാം. ഒരു പരിസ്ഥിതി പ്രവര്‍ത്തകനോ ആക്ടീവിസ്റ്റോ ഒന്നുമല്ലാത്ത എന്നെ പോലെ ഒരു സാധാരണക്കരാന് പ്രഥമ ദൃഷ്ടിയാല്‍ തന്നെ അനുഭവപ്പെട്ടത് അവിടെ നടക്കുന്ന പ്രവര്‍ത്തനകള്‍ പാരിസ്ത്ഥിക വ്യതിയാനങ്ങള്‍ സൃഷ്ടിക്കുമെന്നതാണ്.

ആലപ്പാട് കായലിന്റെയും കടലിന്റെയും ഇടയിലുള്ള പ്രദേശമാണ്. വലിയ തോതിലുള്ള ഖനനമാണ് അവിടെ നടക്കുന്നത്. കൊല്ലത്തെ മറ്റു തീരദേശ ഗ്രാമകളെ അപേക്ഷിച്ച് പരിസ്ഥിതി ലോല പ്രദേശമാണ് ഇത്. സുനാമി വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ സ്ഥലങ്ങളിലൊന്നാണ്. ഇപ്പോള്‍ തന്നെ അപകടമാം വിധമാണ് അവിടെ ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഖനനം കൂടുതല്‍ വ്യാപിക്കാനാണ് സാധ്യത. കൂടുതല്‍ ആളുകള്‍ ഇവിടെ വിട്ട് പോകേണ്ടി വരും. നേരം പുലരുമ്പോള്‍ ആഴ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നവരാണ്. അവരുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയെ ഇത് സാരമായി ബാധിക്കും. മറ്റൊരു പ്രദേശത്തേക്ക് മാറ്റി നടുമ്പോള്‍ അവര്‍ക്ക് മത്സ്യ ബന്ധനം ഉപേക്ഷിക്കേണ്ടി വരും.

സമീപഭാവിയില്‍ ആലപ്പാട്ട് ഉണ്ടായേക്കാവുന്ന പാരിസ്ഥിതി പ്രശ്‌നങ്ങള്‍ ഈ ഗ്രാമത്തില്‍ മാത്രമാകില്ല നാശം വിതക്കുക. ഇപ്പോള്‍ തന്നെ മുന്‍ വര്‍ഷങ്ങളെക്കാള്‍ അപകടകരമായ രീതിയില്‍ കടല്‍ കരയെ വിഴുകി കഴിഞ്ഞു. ഐ.ആര്‍.ഈ. പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഖനനത്തിന് കട്ട് പറയുക എളുപ്പമാവില്ല.

വാല്‍കഷണം: വൈകി തുടങ്ങിയ ഈ സമരം എത്രത്തോളം ഫലപ്രദമാകും എന്നത് കാത്തിരുന്നു തന്നെ കാണ്ടേണ്ടി വരും. വിഭിന്ന അഭിപ്രായമുള്ള പ്രദേശവാസികള്‍ ഇപ്പോള്‍ തന്നെ പല തട്ടിലാണ്.അവരെ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി ഒറ്റക്കെട്ടായി ഖനനത്തെ പ്രതിരോധിക്കാത്തിടത്തോളം സമരം ദുര്‍ബലമാകും. സോഷ്യല്‍ മീഡിയയിലെ ലൈക്കിനു വേണ്ടി സമരത്തെ ഏറ്റെടുക്കാതെ ഇരിക്കുക.

Related posts