ആലപ്പുഴ: രാത്രിയിൽ ചെവിയിൽ പാറ്റ കയറിയതിനെത്തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ച മകനു വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് അധ്യാപികയായ മാതാവ്.
വേദന ശക്തമായതിനെതുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചെവിൽനിന്നു പാറ്റയെ നീക്കം ചെയ്തു.
നോർത്ത് ആര്യാട് കുരിശിങ്കൽ വീട്ടിൽ നിഷാ ക്ലീറ്റസിന്റെ പതിമൂന്നു വയസായ മകനെയാണ് പത്തിന് ജനറൽ ആശുപത്രിയിലെത്തിച്ചത്.
കുട്ടി വേദനകൊണ്ട് കരഞ്ഞതിനെതുടർന്ന് ആശുപത്രിയിൽ വിളിച്ച് ഇഎൻടി ഡോക്ടർ ഉണ്ടെന്ന് ഉറപ്പുവരുത്തിയാണ് നിഷ മകനെ ആശുപത്രിയിലെത്തിച്ചത്.
ഡ്യൂട്ടി ഡോക്ടർ കാതിൽ ടോർച്ച് അടിച്ച് നോക്കി കുഴപ്പമില്ലെന്ന് പറഞ്ഞ് വേദനസംഹാരി ഗുളിക മാത്രം നല്കി.
വീട്ടിൽ എത്തിയിട്ടും വേദന സഹിക്കാൻ പറ്റാതെ കുട്ടി കരഞ്ഞതിനെതുടർന്ന് ഇന്നലെ രാവിലെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചെവിൽനിന്നു പാറ്റയെ നീക്കം ചെയ്തു.
നിരുത്തരവാദപരമായി പെരുമാറിയ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ, ഡ്യൂട്ടിയിലുണ്ടായിരുന്നിട്ടും കുട്ടിക്ക് ആവശ്യമായ ചികിൽസ നൽകാതിരുന്ന ഇഎൻടി ഡോക്ടർ എന്നിവർക്കെതിരേ ഉചിതമായ നിയമ നടപടി അധികൃതർ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിഷാ ക്ലീറ്റസ് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്കു പരാതി നല്കി.