കായംകുളം : കരിമണൽ ഖനനംമൂലം പാരിസ്ഥിതിക ദുരന്ത ഭീഷിണി നേരിടുന്ന ആലപ്പാട് ജനതയെ സംരക്ഷിണമെന്നാവശ്യപ്പെട്ട് ചെറിയഴീക്കലിൽ നടക്കുന്ന സേവ് ആലപ്പാട് സമരസമിതിയുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. സമരം ഒത്തുതീർപ്പാക്കാൻ സമവായ ശ്രമങ്ങളുടെ ഭാഗമായാണ് സർക്കാർ ഇന്ന് സമരക്കാരുമായി ചർച്ച നടത്തുന്നത് .
വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് ഇന്ന് സമരക്കാരുമായി ചർച്ച നടത്തുക. ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് വച്ചാണ് ചർച്ച. ആലപ്പാട് വിഷയം മുൻനിർത്തി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിൽ ഖനനത്തിന്റെ ഭാഗമായി ആലപ്പാട് നടന്നുവരുന്ന സീ വാഷിംഗ് താത്കാലികമായി നിർത്തി വയ്ക്കാൻ തീരുമാനമെടുത്തിരുന്നു.
ഖനനത്തിനെതിരേ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും നടത്തുന്ന പ്രതിഷേധസമരം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചത്.
സി വാഷിംഗ് കാരണം കടൽ കയറി എന്നത് വസ്തുതയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സർക്കാർ ഇടപെടൽ വേണമെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു .
ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ പഠിക്കാൻ സമിതിയെ നിയമിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദേശവും കഴിഞ്ഞ ദിവസം കൂടിയ ഉന്നതതല യോഗം അംഗീകരിച്ചിരുന്നു. ഇതേതുടർന്നാണ് സേവ് ആലപ്പാട് സമരസമിതി സർക്കാർ ഇന്ന് വിളിച്ച ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധരായി രംഗത്ത് വന്നത്. ആലപ്പാട് ജനതയുടെ നിലനിൽപ്പിന് ഭീഷണിയായ ഖനനം പൂർണമായും നിർത്തിവയ്ക്കണമെന്ന പ്രധാന ആവശ്യമാണ് വ്യവസായ മന്ത്രിയുമായുള്ള ചർച്ചയിൽ മുന്നോട്ട് വെക്കാൻ സമര സമിതിയുടെ തീരുമാനം.