കൊല്ലം :സേവ് ആലപ്പാട് സമരം ഉയർത്തിയ പ്രശനങ്ങളോട് സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് കെ സി വേണുഗോപാൽ എം പി ആവശ്യപ്പെട്ടു. സമരക്കാരുടെയും പൊതുജനത്തിന്റെയും കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള നടപടികൾ മാത്രമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് .
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഐ ആർ ഇ യുമായി ബന്ധപ്പെട്ട കാര്യമായിട്ട്പോലും പ്രദേശത്തെ ജനപ്രതിനിധി കൂടിയായ തന്നെ ചർച്ചയ്ക്ക് വിളിച്ചില്ല. യു ഡി എഫിന്റെ ഒരു തലത്തിലുമുള്ള ജനപ്രതിനിധികളെയും ചർച്ചയെ ക്കുറിച്ചു സർക്കാർ അറിയിച്ചിട്ടില്ല .
ഐ ആർ ഇ യുടെ ഖനന അനുമതിയുടെ മറവിൽ അനധികൃതവും നിയമ വിരുദ്ധവുമായ ഒട്ടേറെ ഖനന പ്രവർത്തനങ്ങൾ ആലപ്പാട് നടന്നു വരുന്നതായും എംപി ആരോപിച്ചു. സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട് ഇത്തരം അനധികൃത ഖനനങ്ങൾ നിയമ വിധേയമായി നടത്തുന്നതിന് പരോക്ഷമായ സഹായം ചെയ്യുന്ന തരത്തിലാണ് .
ഇത് അനുവദിക്കാൻ കഴിയില്ല .ഖനനത്തെ തുടർന്നുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ വിദഗ്ധ പഠനം വേണമെന്നും അതിന് സർക്കാർ തയ്യാറാകണമെന്നും എംപി. ആവശ്യപ്പെട്ടു.