കൊല്ലം: ആലപ്പാട് ഉൾപ്പെടെയുളള തീരദേശ മേഖലയിലെ കരിമണൽ ഖനനം സംബന്ധിച്ച നയപരമായ പ്രശ്നം ചർച്ച ചെയ്യാൻ സംസ്ഥാന ഗവണ്മെന്റ് സർവകക്ഷിയോഗം വിളിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
കൊല്ലം, ആലപ്പുഴ തീരദേശ മേഖലയിൽ ലഭ്യമായിട്ടുളള അപൂർവ ധാതു സന്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിന് സമഗ്രമായ ഖനന നയം സമവായത്തിലൂടെ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതാണ്. പ്രകൃതി കനിഞ്ഞ കേരളത്തിന് അനുഗ്രഹിച്ച് നൽകിയിട്ടുളള അപൂർവ ധാതുസന്പത്ത് വിനിയോഗിക്കാൻ പാടില്ലായെന്ന നിലപാട് നീതികരിക്കാവുന്നതല്ല.
സന്പൂർണ ഖനന നിരോധനം നടപ്പാക്കണമെന്ന് സമരസമിതിയുടെ ആവശ്യത്തിന്റെ അർഥം അമൂല്യമായ അപൂർവ ധാതുസന്പത്ത് രാജ്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിയ്ക്കും വേണ്ടി വിനിയോഗിക്കാൻ പാടില്ല എന്നാണ്.ഖനനവും വേർതിരിക്കലും അപൂർവ ധാതു മുലകങ്ങളുടെ വിപണനവും പൊതുമേഖലയിൽ മാത്രം നിക്ഷ്പിതമാണ്.
എന്നാൽ ഖനന മേഖലയിലെ തിരദേശവാസികളുടെ ആശങ്കയും ഉൽകണ്ഠയും അകറ്റി ശാസ്ത്രീയവും നിയന്ത്രിതവുമായ ഖനനത്തിലൂടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് പരിശ്രമിക്കേണ്ടത്. പാരിസ്ഥിതിക പ്രത്യാഘാതം പരമാവധി പരിമിതപ്പെടുത്തി തീരദേശ പരിരക്ഷ ഉറപ്പുവരുത്തി ഖനനം സാധ്യമാക്കാനുളള സാങ്കേതിക വിദ്യ ഇന്നു നിലവിലുണ്ട്.
ഖനനം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമവും പുനരധിവാസവും ഉറപ്പുവരുത്താൻ പൊതുമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സമഗ്രമായ പാക്കേജിന് രൂപം നൽകാൻ കന്പനി മാനേജ്മെന്റും സർക്കാരും തയ്യാറാകണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
ഈ കാര്യം സൂക്ഷ്മതലത്തിൽ ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുന്നതിന് സർവകക്ഷി യോഗം അനിവാര്യമാണ്.
രാജ്യത്തിന്റെ പൊതുതാല്പര്യം സംരക്ഷിച്ചും തീരദേശവാസികളുടെ ആശങ്ക പരിഹരിച്ചും സമയവായത്തിലൂടെ സമരത്തിന് പരിഹാരമുണ്ടാക്കാൻ സർക്കാർ പരിശ്രമിക്കണമെന്നും മുഖ്യമന്ത്രിയ്ക്ക് നൽകിയ കത്തിൽ എംപി ആവശ്യപ്പെട്ടു.