2012 മുതല്‍ ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന ഒരിടമാണ് സിറിയയിലെ കിഴക്കന്‍ ആലപ്പോ. ആലപ്പോയിലെ ജനങ്ങള്‍ ട്വിറ്റര്‍ പോലെയുള്ള നവമാധ്യമങ്ങളില്‍ രേഖപ്പെടുത്തുന്ന ചെറു കുറിപ്പുകളിലൂടെയാണ് അവിടെ നടക്കുന്ന വിവരങ്ങള്‍ പുറം ലോകം അറിയുന്നത്.
ഇത്തരത്തില്‍ ആലപ്പോ സ്വദേശിനിയായ ബന അലബദ് എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ തന്റെ ട്വീറ്റിലൂടെ ലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. എന്റെ അച്ഛന് മുറിവേറ്റിരിക്കുന്നു,ഞാന്‍ കരയുകയാണ് എന്നായിരുന്നു ഏഴുവയസുകാരി ബന സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചത്.
ബനയും അമ്മ ഫാത്തിമയും യുദ്ധ ഭൂമിയിലെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലൂടെ പങ്കുവയ്ക്കാറുണ്ട്. ജനനം മുതല്‍ യുദ്ധം കാണാനും അതിന്റെ ദോഷ ഫലങ്ങള്‍ അനുഭവിച്ച് ജീവിക്കാനും വിധിക്കപ്പെട്ട ബനയെപ്പോലുള്ള കുഞ്ഞുങ്ങളുടെ അവസ്ഥയാണ് ഏറ്റവും പരിതാപകരം. ഒരു തലമുറയുടെ ബാല്യമാണ് ആലപ്പോയില്‍ ഇല്ലാതാവുന്നതെന്ന് ഈ കുഞ്ഞിന്റെ ട്വീറ്റുകളിലൂടെ വ്യക്തമാവുന്നു.