ആലപ്പുഴ: ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ആലപ്പുഴ ജില്ലയ്ക്കിന്ന് 60-ാം പിറന്നാൾ. 1957 ഓഗസ്റ്റ് 17നാണ് ആലപ്പുഴ ജില്ല രൂപീകരിച്ചത്. ഇഎംഎസ് മന്ത്രി സഭയിൽ അന്ന് റവന്യു മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയാണ് ജില്ലാ രൂപീകരണ ഉത്തരവിൽ ഒപ്പിട്ടത്. ആലപ്പുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി പഴയ സെക്രട്ടറിയേറ്റിലെത്തിയ നിവേദക സംഘത്തിന് മണിക്കൂറുകൾക്കുള്ളിൽ ജില്ല രൂപീകരിക്കാനുള്ള ഉത്തരവാണ് ഗൗരിയമ്മ നൽകിയത്. തുടർന്ന് സാഹിത്യകാരൻ കൂടിയായ എൻ.പി.ചെല്ലപ്പൻ നായരെ ജില്ലാ രൂപവത്ക്കരണത്തിനായുള്ള സ്പെഷൽ ഓഫീസറായി നിയമിക്കുകയും ചെയ്തു.
കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന ആലപ്പുഴയോടൊപ്പം കോട്ടയം ജില്ലയിൽ നിന്നും കുട്ടനാടും തിരുവല്ലയും അടങ്ങുന്ന പ്രദേശങ്ങൾ കൂടി ചേർത്താണ് ആലപ്പുഴ ജില്ല രൂപീകരിച്ചത്. പത്തിലധികം നിയമസഭാ മണ്ഡലങ്ങളുണ്ടായിരുന്ന ജില്ലയ്ക്ക് പത്തനംതിട്ട ജില്ല രൂപീകരിക്കപ്പെട്ടപ്പോൾ നാല് മണ്ഡലങ്ങൾ നഷ്ടപ്പെട്ടു.
നിയമസഭാ മണ്ഡല പുനസംഘടനയിൽ മാരാരിക്കുളം മണ്ഡലം ഇ്ല്ലാതായതോടെ ഒന്പത് മണ്ഡലങ്ങളാണ് ഇന്ന് ജില്ലയ്ക്കുള്ളത്. കിടങ്ങാംപറന്പ് മൈതാനിയിൽ നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി ഇ.എം.എസ് ആണ് ആലപ്പുഴ റവന്യു ജില്ലയുടെ പ്രഖ്യാപനം നടത്തിയത്.
ഇതിന്റെ ഭാഗമായി ജില്ലാ കോടതി വളപ്പിൽ ഇഎംഎസ് തെങ്ങിൻ തൈ നടുകയും ചെയ്തിരുന്നു. ജില്ല രൂപീകരിച്ചിട്ട് 60 വർഷം പൂർത്തിയാകുന്ന വേളയിൽ കാര്യമായ ഒരു ആഘോഷ പരിപാടികളും ജില്ലാ ഭരണ കൂടം ആസൂത്രണം ചെയ്യാതിരുന്നത് ഇതിനോടകം വിവാദമായിട്ടുണ്ട്. നാലുമന്ത്രിമാരും പ്രതിപക്ഷ നേതാവുമുള്ള ജില്ലയായിട്ടും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ജില്ലയെ മറന്നതിന്റെ തെളിവാണ് ഇതെന്നാണ് ആക്ഷേപമുയരുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ ഗുരുതര വീഴ്ച: എം.ലിജു.
ആലപ്പുഴ: ജില്ലാ രൂപീകരണത്തിന്റെ 60-ാമത് വാർഷികവുമായി ബന്ധപ്പെട്ട് ആഘോഷപരിപാടികളൊന്നും സംഘടിപ്പിക്കാത്തത് ജില്ലാ ഭരണ കൂടത്തിന്റെ ഗുരുതര വീഴ്ചയെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജു പറഞ്ഞു. ധനമന്ത്രിയടക്കം നാല് മന്ത്രിമാരുള്ള ജില്ലയാണ് ആലപ്പുഴ.
എന്നിട്ടും ജില്ലയുടെ 60-ാം പിറന്നാളിനോടനുബന്ധിച്ച് യാതൊരു പരിപാടികളും സംഘടിപ്പിക്കാൻ കഴിയാതിരുന്നത് മന്ത്രിമാരുടെയും ജില്ലാ ഭരണ കൂടത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും വീഴ്ചയാണ്. നേരത്തെ ആലോചിച്ച് ആഘോഷപരിപാടികൾ നടത്തേണ്ടതായിരുന്നു. ജില്ല രൂപീകരിച്ച് 60 വർഷം പിന്നിടുന്ന സാഹചര്യത്തിൽ സമസ്ത മേഖലയിലേക്കും ഒരു തിരിഞ്ഞുനോട്ടം ആവശ്യമായിരുന്നു. ഇത് സംബന്ധിച്ച നിർദേശങ്ങളും ചർച്ചകളും നടക്കേണ്ട അവസരമാണ് ആഘോഷപരിപാടികൾ നടത്താതിരുന്നതോടെ നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയോടുള്ള ഭരണകൂട അവഗണനയുടെ ഉദാഹരണം: കെ. സോമൻ
ആലപ്പുഴ: ജില്ല രൂപീകരിച്ചിട്ട് 60 വർഷം പൂർത്തിയായ വേളയിൽ ആഘോഷ പരിപാടികളൊന്നും സംഘടിപ്പിക്കാതിരുന്നത് ആലപ്പുഴ ജില്ലയോടുള്ള ഭരണ കൂട അവഗണനയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും സ്വാധീനമുള്ള നേതാക്കൾ ആലപ്പുഴയിൽ നിന്നുണ്ടായിട്ടുണ്ടെങ്കിലും ജില്ല ആഗ്രഹിക്കുന്ന പരിഗണന ഭരണ തലത്തിൽ ലഭിച്ചിട്ടില്ല. സമസ്ത മേഖലയിലും അവഗണനയാണ് ആലപ്പുഴയ്ക്കുണ്ടായിട്ടുള്ളത്. രാഷ്ട്രീയത്തിന് അതീതമായ പരിഗണന അആലപ്പുഴയുടെ വിവിധ മേഖലകളിൽ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.