ചാവശേരി: ആലപ്പുഴ കളിച്ചുകുളങ്ങരയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവർക്ക് കണ്ണീർ കുതിർന്ന യാത്രാമൊഴി. രാവിലെ നാട്ടിലെത്തിച്ച മൃതദേഹം മരിച്ചവരുടെ വീടുകളിലും ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനത്തിനും വച്ചശേഷം മൂന്ന് മൃതദേഹങ്ങളും പത്തരയോടെ ചാവശേരി കുറുങ്കളം കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടെംബോ ട്രാവലറും കെഎസ്ആര്ടിസി ബസും കൂട്ടിയിടിച്ചാണ് .
പ്രതിശ്രുത വരൻ മട്ടന്നൂർ തെരൂരിലെ ബിപി നാലയത്തിൽ വി.കെ. ബിനീഷ് (29), ബന്ധുക്കളായ ചാവശേരി പറമ്പിലെ പ്രയാഗത്തിൽ തുല്ലങ്കോട് പറമ്പിൽ ഒ. പ്രസന്ന (48), കാക്കയങ്ങാട് പാല സ്വദേശിയും ചാവശേരി കുറുങ്കളത്ത് താമസിക്കുന്ന വിജയകുമാർ (30) എന്നിവർ മരിച്ചത്. ബിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് ഇന്നലെ പുലർച്ചെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കു വരികയായിരുന്ന ടെംബോ ട്രാവലറിൽ തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ചായിരുന്നു അപകടമുണ്ടായത്.
അപകടത്തിൽ ടെംബോ ട്രാവലറിലെ ഒരു കുട്ടിയടക്കം 11 പേർക്കു പരിക്കേറ്റിരുന്നു. പരിക്കേറ്റ അഞ്ച് പേരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ രാത്രി അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെത്തിച്ച മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. ഇന്നുരാവിലെ ഏഴിന് മൂന്നുപേരുടെ മൃതദേഹം അവരവരുടെ വീടുകളിലെത്തിച്ചു പൊതുദർശനത്തിനു വച്ചു. തുടർന്ന് ഒൻപതിന് ചാവശേരി സ്കൂളിലെത്തിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആംബുലൻസിൽ പൊതുദർശനത്തിന് വച്ച ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ചിരുന്നു. മരിച്ച വിജയകുമാറിന്റെ ഭാര്യയുടെയും മറ്റു ബന്ധുക്കളുടെയും നിലവിളിച്ചുള്ള കരച്ചിൽ കൂടിനിന്നവരെ കണ്ണീരിലാക്കി.
മന്ത്രി ഇ.പി. ജയരാജൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, സണ്ണി ജോസഫ് എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പി. ജയരാജൻ, പി.കെ.ശ്രീമതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, പി. പുരുഷോത്തമൻ, പി.പി. അശോകൻ, എൻ.വി. ചന്ദ്രബാബു, കെ. ഭാസ്കരൻ, എൻ.ടി. റോസമ്മ, പി.കെ. ശകുന്തള, കെ.വി. ജയചന്ദ്രൻ, എ.കെ.രാജേഷ് തുടങ്ങിയവർ മരിച്ചവരുടെ വീടുകളിലും പൊതുദർശനത്തിനു വച്ച ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലുമെത്തി അന്തിമോപചാരമർപ്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു സ്ത്രീകൾ അടക്കമുള്ള ആയിരങ്ങളാണ് മരിച്ചവരെ അവസാനമായി ഒരുനോക്കു കാണാനെത്തിയത്.