ആലപ്പുഴ: കളർകോട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളിൽ മൂന്നുപേർ വെന്റിലേറ്ററിലാണെന്നും രണ്ടുപേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. അതിലൊരാളുടെ നില അതീവഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
ചികിത്സ സംബന്ധിച്ച് സാധ്യമായതെല്ലാം ചെയ്യുമെന്നും മെഡിക്കൽ ബോർഡ് പ്രത്യേകമായി ചേരുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.പരമാവധി കഴിയാവുന്നതെല്ലാം ചെയ്ത് ചികിത്സയിലുള്ളവരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഒരാൾക്ക് മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തു. മറ്റൊരാൾക്ക് ഒന്നിലധികം ഫ്രാക്ചറുകളുണ്ട്.
ശസ്ത്രക്രിയയ്ക്ക് വിധേയനായയാൾ രാവിലെ കണ്ണുതുറന്നിരുന്നു, അത് പോസിറ്റീവായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. കാറിലുണ്ടായിരുന്ന പതിനൊന്നുപേരിൽ അഞ്ചുപേർ ആശുപത്രിയിൽ എത്തിക്കുംമുമ്പേ മരിച്ചിരുന്നു. ഒരാൾക്ക് പരിക്കുകളൊന്നുമില്ല. പക്ഷേ മെന്റൽ ഷോക്കുണ്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.
അപകടത്തിൽപ്പെട്ട കാറിന്റെ ഉടമയ്ക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടി ഉണ്ടാകും. കാർ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായാണെന്നും റെന്റ് എ കാർ ലൈസൻസും ടാക്സി പെർമിറ്റും ഇല്ലെന്നും കണ്ടെത്തി. 14 വർഷം പഴക്കം ഉള്ള കാറിന് എയർ ബാഗില്ലെന്നും ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.
ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമിൽ ഖാൻ ആണ് വാഹന ഉടമ. വാഹന ഉടമയോട് അടിയന്തരമായി എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി. അതേസമയം, കാർ നൽകിയത് വാടകയ്ക്കല്ലെന്നും പരിചയത്തിന്റെ പേരിലാണ് നൽകിയതെന്നും ഉടമ ഷാമിൽ ഖാൻ പറഞ്ഞു.