ആലപ്പുഴ: എയിംസ് ആലപ്പുഴയില്‍ എത്തുമെന്ന വിവരത്തിൽ ആഹ്ലാദിച്ച് ആലപ്പുഴ. കോഴിക്കോടും പാലക്കാടും മറികടന്ന് ആലപ്പുഴയിൽ എത്തുമോ? കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കാനുദ്ദേശിക്കുന്ന എയിംസ് സാധ്യതാ പട്ടികയില്‍ ആലപ്പുഴയും. കോഴിക്കോട്, പാലക്കാട് ജില്ലകള്‍ക്ക് പുറമെയാണ് ആലപ്പുഴയും പരിഗണിക്കുന്നത്.
കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്നുള്ള മന്ത്രിയാണ് എയിംസ് (ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ആലപ്പുഴയില്‍ സ്ഥാപിക്കുന്നതിനായി ശ്രമിക്കുന്നത്. എയിംസ് സ്ഥാപിക്കുന്നത് ആലപ്പുഴ മേഖലയുടെ വികസനത്തിന് വഴിയൊരുക്കുമെന്നതാണ് പരിഗണിക്കുന്നതിന് ഒരു കാരണം. കൂടാതെ ആലപ്പുഴയില്‍ സ്ഥലവും ലഭ്യമാണ്. ആലപ്പുഴയില്‍ പൂട്ടിക്കിടക്കുന്ന ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയാണ് എയിംസിനായി കണ്ടുവയ്ക്കുന്നത്.
നിയമിച്ചു
ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പലവട്ടം കേന്ദ്ര സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. സ്പെഷല്‍ ഓഫിസറെയും നിയമിച്ചു. എന്നാല്‍, നടപടി മുന്നോട്ട് പോയില്ല. പിന്നീട് എയിംസ് പാലക്കാട് ജില്ലയില്‍ പരിഗണിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു. ബിജെപി നേതൃത്വവും ഈ നിര്‍ദേശത്തെ അനൂകൂലിച്ചിരുന്നു. സ്ഥലം ലഭ്യമാണെന്നതാണ് പാലക്കാടിന്റെ അനൂകൂല ഘടകം.
ചികിത്സാ സൗകര്യങ്ങളുടെ കുറവു പരിഹരിക്കാനും അതോടൊപ്പം പ്രദേശത്തിന്റെ വളര്‍ച്ചയ്ക്കും സഹായിക്കുമെന്ന് അഭിപ്രായവും ഉയര്‍ന്നു. ഇതിനിടെയാണ് ആലപ്പുഴ ജില്ലയും പരിഗണനയില്‍ വരുന്നത്. കേന്ദ്രമന്ത്രിതന്നെ രംഗത്തെത്തിയതോടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമായി. എല്ലാ സംസ്ഥാനത്തും എയിംസ് എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
നിര്‍ദേശം
ചികിത്സാപരമായും വികസനപരമായും പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള നിര്‍ദേശം എന്ന നിലയിലാണ് ഇപ്പോള്‍ ആലപ്പുഴ പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരുമായും ആരോഗ്യ മേഖലയിലെ വിദഗ്ധരുമായും അഭിപ്രായ രൂപീകരണവും നടത്തിയിരുന്നു. ഇതോടെയാണ് ആലപ്പുഴ എയിംസ് ഭൂപടത്തിലേക്ക് എത്തുന്നത്.
ദേശീയ പാതയുമായുള്ള അടുപ്പം, റെയില്‍ സൗകര്യം, നെടുമ്പാശേരി വിമാനത്താവളവുമായുള്ള സാമീപ്യം എന്നിവയും ആലപ്പുഴയുടെ അനുകൂലഘടകങ്ങള്‍. അതേ സമയം വലിയതോതില്‍ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വരുമെന്ന ന്യൂനതയുമുണ്ട്.
നിലവില്‍ വണ്ടാനത്താണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ നഗരത്തിന് 13 കിലോമീറ്റര്‍ അകലെയാണ് വണ്ടാനം. എയിംസ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഗ്ലാസ് ഫാക്ടറി നഗരത്തിന് സമീപത്താണ്.