അന്പലപ്പുഴ: അപൂർവ രോഗവുമായി മാസം തികയാതെ പിറന്ന കുഞ്ഞിനെ സൗജന്യമായി ചികിത്സിച്ച് ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർമാർ മാതൃകയായി. അടൂർ പുത്തൻപുരയിൽ സത്യന്റെയും ദിവ്യയുടെയും കുഞ്ഞാണ് വളർച്ച പൂർണമാകാതെ റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രം എന്ന അവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്നത്. കുഞ്ഞിന് എട്ടാഴ്ച പ്രായമായപ്പോൾ റെറ്റിനോപ്പതി ഓഫ് പ്രിമെച്യുരിറ്റിയെന്ന കാഴ്ച നഷ്ടപ്പെടുന്ന രോഗാവസ്ഥയുണ്ടായി.
ഗർഭാവസ്ഥയിൽ 24 ആഴ്ചയും അഞ്ചുദിവസവും കഴിഞ്ഞ മാർച്ച് 16നാണ് ദിവ്യ ആണ്‍കുഞ്ഞിന് ജന്മം നല്കി. അവയവ വളർച്ച പൂർണമാകാത്തതിനാൽ ശിശുവിന് മെഡിക്കൽ കോളജിൽ പ്രത്യേക പരിചരണം നല്‍കിയിരുന്നു. ഇതിനിടെയാണ് കുഞ്ഞിന് കാഴ്ചവൈകല്യമുള്ളതായി ഓഫ്താൽമോളജിസ്റ്റ് ഡോ. ധന്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ന്യൂബോണ്‍ യൂണിറ്റ് മേധാവി ഡോ. ഒ. ജോസിന്റെ നേതൃത്വത്തിൽ ഡോ. ചിഞ്ചിലു, ഡോ. ജിതിൻ, ഡോ. വിന്ദുജ, ഡോ. ജീവ, ഡോ. ലല്ലു, ഡോ. മേഘ, ഡോ. ലക്ഷ്മി, ഡോ. ജെസ്വിൻ, ഡോ. ആതിര എന്നിവരും ഹെഡ്നഴ്സ് അന്പിളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിനെ രണ്ടുമാസത്തോളം പരിചരിച്ചത്. നാലുലക്ഷം ചെലവുവരുന്ന ചികിത്സയാണ് മെഡിക്കൽ കോളജിൽ സൗജന്യമായി നല്‍കിയത്.
കേരളത്തിൽ നവജാത ശിശുവിന് ഇത്തരത്തിലൊരു ചികിത്സ നല്‍കുന്നത് ഇതാദ്യമാണെന്നും ശിശുരോഗ വിഭാഗം മേധാവി ഡോ. ശ്രീലതയും ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാലും പറഞ്ഞു. മേയ് 15നു ഡിസ്ചാർജ് ചെയ്ത കുഞ്ഞ് സുഖമായിരിക്കുന്നു.