ചെങ്ങന്നൂർ: ബസ് യാത്രക്കാരിയുടെ പക്കൽ നിന്ന് ഒന്നേകാൽ ലക്ഷം കവർന്നു. പെണ്ണുക്കര സ്കൂളിലെ ജീവനക്കാരിയായ യാത്രക്കാരിയുടെ പണമാണ് ഇന്നലെ യാത്രക്കിടയിൽ നഷ്ടമായത്. ചെങ്ങന്നൂർ കൊല്ലം വേണാട് ബസിൽ പെണ്ണുക്കരയിൽ നിന്നാണ് സ്വദേശമായ ചാരുംമൂട്ടിലേയ്ക്ക് ഇവർ വണ്ടി കയറിയത്.
വീടു പണിയുടെ ആവശ്യത്തിനായി സ്വർണം പണയം വച്ച് എടുത്ത പണമാണ് ഹാന്റ് ബാഗിൽ ഉണ്ടായിരുന്നത്. കൊല്ലകടവ് ആലക്കോട് ജംഗ്ഷനിൽ ബസ് എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ഇവർ അറിയുന്നത്. ഉടൻ തന്നെ ബസ് ജീവനക്കാരുടെ അനുവാദത്തോടെ വണ്ടി വെണ്മണി പോലീസ് സ്റ്റേഷനിലേയ്ക്ക് തിരിച്ചുവിട്ടു.
ബസിൽ സ്ത്രീ യാത്രക്കാരാണ് കൂടുതൽ ഉണ്ടായിരുന്നത് 50 ൽ അധികം യാത്രക്കാർ ഉണ്ടായിരുന്നു. വെണ്മണി പോലീസ് സ്റ്റേഷനിലെത്തി മുഴുവൻ യാത്രക്കാരെയും പോലീസ് പരിശോധിച്ചുവെങ്കിലും നഷ്ടപ്പെട്ട പണം കണ്ടെടുക്കാൻ കഴിഞ്ഞില്ല. വെണ്മണി പോലീസ് കേസെടുത്തു.