ആലപ്പുഴ: നീർക്കുന്നം തീരത്തെത്തിയ ബാർജിലെ ജീവനക്കാരെ രക്ഷപ്പെടുത്താൻ നാവികസേന ശ്രമം തുടങ്ങി. ഇതിനായി സേനയുടെ ഹെലികോപ്റ്റർ നീർക്കുന്നത്തെത്തി. ബാർജിലെ ജീവനക്കാരെ എമിഗ്രേഷൻ നടപടികൾക്കായി തീരസംരക്ഷണ സേനയ്ക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
മൂന്നു ദിവസം പുറംകടലിൽ അലഞ്ഞ അബുദാബി അൽഫത്താൻ ഡോക്കിന്റെ ബാർജ് തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് നീർക്കുന്നം തീരത്തടിഞ്ഞത്. കപ്പലിനു പിന്നിൽ കെട്ടിവലിച്ചുകൊണ്ടു പോകുകയായിരുന്ന ബാർജ് ശക്തമായ തിരമാലയിൽപ്പെട്ട് വടം പൊട്ടി കരയ്ക്കടിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഇന്തോനേഷ്യയിൽനിന്നു 180 മീറ്റർ നീളമുള്ള കപ്പലും ഫൈബർ ബോട്ടും കയറ്റിവന്നതായിരുന്നു ബാർജ്. ഇറാനിൽനിന്ന് ഇന്തോനേഷ്യയിലെത്തിയ കപ്പൽ അബുദാബിയിലേക്കുള്ള വഴിമധ്യേ വടംപൊട്ടി കപ്പലും ബാർജും വേർപെടുകയായിരുന്നു.