ആലപ്പുഴ: കടപ്പുറത്ത് കമിതാക്കളെ ഭീഷണപെടുത്തി സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ പ്രധാനപ്രതി ഒളിവിൽ. കഴിഞ്ഞ ദിവസം ആലപ്പുഴ കടപ്പുറത്ത് അയ്യപ്പൻപൊഴി ഭാഗത്തായിരുന്നു സംഭവം.
കമിതാക്കളുടെ ചിത്രവും വീഡിയോയുമെടുത്തശേഷമാണ് പ്രതി പണം ആവശ്യപ്പെട്ടത്. ഇതിൽ വഴങ്ങാതായതോടെ യുവാവിനെ മർദിച്ച് മാലയും ഫോണും പ്രതി കൈക്കലാക്കി. എന്നാൽ, പ്രതിയെ യുവാവ് പിന്തുടർന്നതോടെ ഫോൺ മടക്കി നൽകി.
യുവതിയെ വീട്ടിലാക്കിയ യുവാവ് ടൂറിസം പോലീസിൽ പരാതി നൽകി. ഇതേസമയം സമാനമായി വള തട്ടിയെടുത്തുവെന്ന് ആരോപിച്ച് മറ്റൊരു യുവതിയും പരാതി നൽകി.
തുടർന്ന് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ ഒരു യുവാവ് കാറ്റാടി ഭാഗത്ത് നിന്ന് ഓടിരക്ഷപ്പെടുന്നത് കണ്ടു.ഇയാളെ പിന്തുടർന്ന് പിടികൂടിയപ്പോൾ കഞ്ചാവ് കണ്ടെത്തി.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും കമിതാക്കളുടെ മാലകവർന്ന സംഭവവുമായി പങ്കില്ലെന്ന് തെളിഞ്ഞു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മാല തട്ടിയെടുത്ത പ്രതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
ക്രിമിനൽ കേസിൽ പ്രതിയായ ഇയാൾക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു.
വർഷങ്ങൾക്കുമുമ്പ് സമാനമായി അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടിയസംഭവത്തിലെയും പ്രതിയാണിയാൾ. ഇയാൾക്കെതിരെ അന്വേഷണം ഊർജിതമാക്കി.
അതേസമയം, ക്രിമിനൽ സംഘങ്ങളെ നേരിടേണ്ട ടൂറിസം പോലീസിൽ അംഗബലം കുറവാണ്. നിലവിൽ രണ്ട് പോലീസുകാരാണുള്ളത്. ഇവരാണ് ആയിരകണക്കിന് പേർ എത്തുന്ന ആലപ്പുഴ ബീച്ചിലെ കാര്യങ്ങൾ നോക്കുന്നത്.