ആലപ്പുഴ: കടപ്പുറത്ത് കമിതാക്കളെ ഭീഷണപ്പെടുത്തി സ്വർണമാല തട്ടിയെടുത്ത സംഭവത്തിലെ മൂന്നംഗ സംഘത്തിലെ ഒരാൾ പിടിയിൾ. മറ്റ് രണ്ടുപേർ ഒളിവിൽ.
ആലപ്പുഴ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് തൈപ്പറന്പിൽ മൈക്കിൾ(28) ആണ് പിടിയിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇവർ ഒളിവിലാണ്. പിടിയിലായ മൈക്കിളിനെതിരെ മുന്പും പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് സൗത്ത് പോലീസ് പറഞ്ഞു.
സ്റ്റേഷൻ പരിധിയിൽ ക്രിമിനൽ സ്വഭാവമുള്ളവരുടെ ഫോട്ടൊ പരാതിക്കാർ തിരിച്ചറിഞ്ഞാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കവർച്ച ചെയ്തുകിട്ടുന്ന പണം മദ്യത്തിനും മയക്കുമരുന്നിനുമാണ് പ്രതികൾ വിനിയോഗിച്ചിരുന്നത്.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ആലപ്പുഴ കടപ്പുറത്ത് അയ്യപ്പൻപൊഴി ഭാഗത്തായിരുന്നു സംഭവം.
കമിതാക്കളുടെ ചിത്രവും വീഡിയോയുമെടുത്തശേഷമാണ് പ്രതി പണം ആവശ്യപ്പെട്ടത്. ഇതിൽ വഴങ്ങാതായതോടെ യുവാവിനെ മർദിച്ച് മാലയും ഫോണും പ്രതി കൈക്കലാക്കി.
എന്നാൽ, പ്രതിയെ യുവാവ് പിന്തുടർന്നതോടെ ഫോണ് മടക്കിനൽകി. യുവതിയെ വീട്ടിലാക്കിയ ശേഷമെത്തി യുവാവ് ടൂറിസം പോലീസിൽ പരാതി നൽകി.
ഇതേസമയം സമാനമായി വള തട്ടിയെടുത്തുവെന്ന് ആരോപിച്ച് മറ്റൊരുയുവതിയും പരാതി നൽകി.