ആലപ്പുഴ: പൊതുജനങ്ങൾക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്ന തെരുവ് നായകളെ നിയന്ത്രിക്കുന്നതിനായുള്ള എബിസി (ആനിമൽ ബർത്ത് കണ്ട്രോൾ) പദ്ധതി കടലാസിൽ ഒതുങ്ങി. മാസങ്ങൾക്കുമുന്പുവരെ പദ്ധതിപ്രകാരം തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന നടപടികൾ സജീവമായി നടന്നിരുന്നെങ്കിലും പ്രളയത്തിനുശേഷം ഈ പ്രവർത്തനങ്ങളിൽ ഇഴച്ചിലുണ്ടായതോടെ ആലപ്പുഴ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും വീഥികളുമെല്ലാം തെരുവുനായ്ക്കൾ നിറഞ്ഞ നിലയിലാണ്.
ആലപ്പുഴ നഗരസഭ, കല്ലുപാലത്തിന് തെക്കുവശം, പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം, ജില്ലാ കോടതി പാലം പരിസരം, ബീച്ച് തുടങ്ങിയിടങ്ങളിലൊക്കെ പകൽസമയങ്ങളിൽപ്പോലും തെരുവുനായകൾ പൊതുജനങ്ങൾക്ക് ഭീഷണിയുയർത്തുകയാണ്. ഈ പ്രദേശങ്ങളിലൂടെ പ്രഭാത സവാരി നടത്തുന്നവർക്ക് തെരുവ്നായകൾ ഭീഷണിയായി മാറിയിട്ടുണ്ട്.
ഒറ്റപ്പെട്ട കാൽനടയാത്രക്കാരെ തെരുവുനായകൾ കൂട്ടംകൂടി ആക്രമിച്ച സംഭവങ്ങളും നഗരത്തിൽ സമീപകാലത്തുണ്ടായിട്ടുണ്ട്.
സൈക്കിളിൽ സഞ്ചരിക്കുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ളവർക്കും ഇരുചക്രവാഹനയാത്രക്കാർക്കും നായകൾ ഭീഷണിയാണ്. രാത്രികാലങ്ങളിലും പുലർച്ചെയും നായകൾ റോഡിന് കുറുകെ ചാടുന്നതുമൂലം നിരവധി ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. നഗരത്തിൽ പ്രഭാത സവാരിക്കായി ഏറെയാളുകൾ എത്തുന്നതും സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്നതുമായ ബീച്ചിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്.
മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഭക്ഷണ ലഭ്യത കൂടുതലുള്ളതാണ് ഇവിടേക്ക് നായകളെ ആകർഷിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വിനോദസഞ്ചാരികൾക്കുനേരെ തെരുവുനായകൾ ആക്രമണ ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും ഇവയെ ഇവിടെനിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. അടിയന്തരമായി തെരുവുനായ നിയന്ത്രണ പദ്ധതി നഗരസഭ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.