ആലപ്പുഴ: ആലപ്പുഴ ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികൾ മൂന്നറിയിപ്പ് അവഗണിച്ച് കടലിറങ്ങുന്നതും കുളിക്കുന്നതും അപകട ഭീഷണിയുയർത്തുന്നു. കടൽക്ഷോഭം അനുഭവപ്പെടുന്പോഴും ശക്തമായ തിരയുള്ളപ്പോളും കടലിറങ്ങരുതെന്ന് ലൈഫ് ഗാർഡുമാരും മറ്റും നൽകുന്ന മുന്നറിയിപ്പ് അവഗണിച്ചാണ് വൈകുന്നേരങ്ങളിൽ ബീച്ചിലെത്തുന്നവർ കടലിറങ്ങുന്നതാണ് ഭീഷണിയാകുന്നത്.
കാലവർഷം ശക്തമായതോടെ ശക്തമായ തിരയുള്ളതിനാൽ ലൈഫ് ഗാർഡുമാരും കനത്ത ജാഗ്രതയിലാണെങ്കിലും സന്ദർശകർ വിലക്ക് അവഗണിച്ച് കടലിൽ കുളിക്കാനിറങ്ങുന്നത് ബീച്ചിലെ പതിവ് കാഴ്ചയാണ്. ബീച്ചിൽ അടിയൊഴുക്കും അതോടൊപ്പം ചുഴിയുമുള്ളതിനാൽ തിരയിൽ പെടുന്നവർക്ക് അപകടസാധ്യതയേറെയാണ്.
പൊതു അവധി ദിവസങ്ങളിൽ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിനാളുകളാണ് ബീച്ചിലെത്തുന്നത് എന്നാൽ ഇവർക്കായി ഏർപ്പെടുത്തിയിരിക്കന്നത് വിരലിലെണ്ണാവുന്ന ലൈഫ് ഗാർഡുകളും തിരക്കേറിയ ദിവസങ്ങളിൽ ബീച്ചിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയുമാണ്.
ഏകദേശം ഒന്നര കിലോമീറ്ററിലധികം ദൈർഘ്യമുള്ള ആലപ്പുഴ ബീച്ചിലെത്തുന്നവരുടെ സുരക്ഷയ്ക്കായി ആവശ്യത്തിന് ലൈഫ് ഗാർഡുമാരില്ലാത്തതും അപകട ഭീഷണി വർധിപ്പിക്കുന്നു. സുരക്ഷയ്ക്കു ഏർപ്പെടുത്തിയിരിക്കുന്ന ലൈഫ് ഗാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതിനുവേണ്ട നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
ടൂറിസം വകുപ്പ് വിനോദ സഞ്ചാര വികസനത്തിനായി ആലപ്പുഴ നഗരത്തിൽ മാത്രം കോടികൾ ചെലവഴിക്കുന്പോഴാണ് ബീച്ചിലെത്തുന്നവരുടെ സുരക്ഷയ്ക്ക് ആവശ്യമായ ലൈഫ് ഗാർഡുകളെ നിയമിക്കുന്നതിൽ മടികാണിക്കുന്നത്.