ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച പബ്ലിക് ടോയ് ലെറ്റ് കെട്ടിടം മാസങ്ങളായി വെറുതേ കിടന്നു നശിക്കുന്നു.കെ.സി. വേണുഗോപാൽ എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച,് ആലപ്പുഴ ബീച്ചിലെത്തുന്ന സഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമായി നിർമിച്ച ടോയിലെറ്റ് കെട്ടിടമാണ് തുറന്നു കൊടുത്താത്തതിനാൽ വെറുതേ കിടക്കുന്നത്. നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല.
കഴിഞ്ഞ ഏപ്രിലിൽ നിർമാണം പൂർത്തിയായ കെട്ടിടം ഈ വർഷം അവസനിക്കാറായിട്ടും തുറന്നു കൊടുക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. തുറമുഖ വകുപ്പിന്റെ കീഴിലുള്ള സ്ഥലമായതിനാൽ കെട്ടിട നന്പർ കിട്ടാൻ കാലതാമസം നേരിടുന്നതാണ് ടോയ് ലെറ്റ് തുറന്നു കൊടുക്കാൻ വൈകുന്നതെന്നാണ് ഡിടിപിസി നൽകുന്ന വിശദീകരണം.
നിലവിൽ ആലപ്പുഴ ബീച്ചിന്റെ വടക്കു വശത്തുമാത്രമാണ് ടോയ്ലെറ്റ് സൗകര്യങ്ങൾ ഉള്ളത്. ഇതാകട്ടെ പണം കൊടുത്ത് ഉപയോഗിക്കേണ്ടതും. മിക്ക ദിവസങ്ങളിലും വെള്ളമില്ലാത്തതിനാൽ അടച്ചിടുകയും ചെയ്യും. പണം കൊടുത്ത് ഉപയോഗിക്കുന്ന മറ്റൊരു ടോയ്ലെറ്റ് കടൽപ്പാലത്തിനു സമീപം പ്രവർത്തിച്ചിരുന്നെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഇതും അറ്റകുറ്റപണികൾക്കായി അടച്ചിട്ടിരിക്കുകയാണ്.
അടുത്ത ദിവസങ്ങളിൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനും ക്രിസ്തുമസ് അവധിയുമെല്ലാം സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കും. അതോടൊപ്പം വിദേശികളും സ്വദേശികളുമടക്കം ദിനംപ്രതി നൂറുകണക്കിനു വിനോദസഞ്ചാരികൾ എത്തുന്ന ആലപ്പുഴ ബീച്ചിൽ മതിയായ ടോയ്ലെറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിൽ പൊതുജനങ്ങളുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.