ചേർത്തല: കോടികളുടെ സ്വത്തിന് ഉടമയായ യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീങ്ങുന്നില്ല. തിരോധാനവുമായി ബന്ധപ്പെട്ടു പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിന് പിന്നിലെ ദുരൂഹതകളേറുകയാണ്.
കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയുടെ സുഹൃത്തായ പള്ളിപ്പുറം പഞ്ചായത്ത് 14-ാം വാർഡ് തൈക്കൂട്ടത്തിൽ എസ്. മനോജിനെ (46)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനു അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇന്നലെ രാവിലെ ഹാജരാകുവാൻ മനോജിനോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യപ്രതി സെബാസ്റ്റ്യനും ബിന്ദുവും പതിവായി യാത്ര ചെയ്തിരുന്നത് മനോജിന്റെ ഓട്ടോയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സെബാസ്റ്റ്യന്റെ ഉറ്റസുഹൃത്തായ മനോജിനെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞദിവസം ഇയാൾ വലിയ ബാഗിൽ നിറയെ നോട്ടുകളുമായി പോകുന്നത് കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വീണ്ടും വിളിപ്പിച്ചത്.
ഭാര്യ ജ്യോതിയെ ജോലിസ്ഥലത്തേക്കും എസ്എസ്എൽസി വിദ്യാർഥിയായ മകൾ മീനാക്ഷിയെ സ്കൂളിലും അയച്ച ശേഷം രാവിലെയാണ് വീടിനുള്ളിൽ തൂങ്ങിയത്. വീട് അകത്തു നിന്നു പൂട്ടിയിട്ടിരിക്കുന്നതിൽ സംശയം തോന്നിയ അയൽവാസികൾ ജനൽ തുറന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.
തുടർന്ന് ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അസ്വഭാവിക മരണത്തിന് ചേർത്തല പോലീസ് കേസെടുത്തു. ജില്ല പോലീസ് മേധാവിയുടെ പ്രത്യേകസംഘം ഉൾപ്പെടെ മൂന്ന് ടീമുകളാണ് ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്.
നിലവിൽ ഇടപ്പള്ളിയിലെ വസ്തു വില്പന നടത്തിയത് വ്യാജ മുക്ത്യാർ തയാറാക്കിയാണെന്ന് കണ്ടെത്തിയെങ്കിലും ബിന്ദുവിന്റെ മറ്റ് വസ്തുക്കൾ കൈമാറ്റം നടത്തിയതിനെകുറിച്ച് അറിയുന്നതിന് ചേർത്തലയിലെയും സമീപപ്രദേശങ്ങളിലെയും ആറ് സബ് രജിസ്ട്രാർ ഓഫീസുകളിൽ പോലീസ് നോട്ടീസ് നൽകി. വ്യാജ മുക്ത്യാറിൽ ആൾമാറാട്ടം നടത്തിയ കുറുപ്പംകുളങ്ങര സ്വദേശിനി മിനിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നലെ ജില്ല കോടതി വിധി പറഞ്ഞില്ല.
അതേസമയം പോലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാത്രി ഇവരുടെ വാടകവീട് തുറന്ന് തെളിവുകൾ ശേഖരിച്ചു. എസ്എസ്എൽസി ബുക്ക് ഉൾപ്പെടെയുള്ള രേഖകളാണ് പോലീസ് എടുത്തത്. കേസിലെ മൂന്നും നാലും പ്രതികൾക്ക് കഴിഞ്ഞദിവസം ചേർത്തല കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ബിന്ദുവിനെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പതിച്ചെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.