ആലപ്പുഴ:- പുന്നമടയിലെ പൂരത്തില്‍ ജലരാജപ്പട്ടം സ്വന്തമാക്കാന്‍ ചുണ്ടന് വള്ളങ്ങള്‍ പോരാട്ടത്തിനൊരുങ്ങുന്നു. കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലയിലെ കായല്പ്പരപ്പിലെങ്ങും ആവേശകരമായ പരിശീലനത്തുഴച്ചിലരങ്ങേറുകയാണ്.
കുട്ടനാടന്‍ പ്രദേശങ്ങളില്‍ വള്ളംകളിയുടെ ആരവം മുഴങ്ങിക്കഴിഞ്ഞു. ഇനിയുള്ള രണ്ടാഴ്ചക്കാലം കുട്ടനാട്ടുകാര്‍ക്ക് വിശ്രമമില്ല. ഓരോ കരക്കാരും അവരുടെ ചുണ്ടനുകളുടെ വിജയത്തിനുവേണ്ടി തയാറെടുക്കുന്നു.
ഓരോ വള്ളവും 200ലധികം പേരെയാണ് പരിശീലിപ്പിക്കുന്നത്. നൂറുവരെ തുഴച്ചില്‍ക്കാര്‍ മതിയെങ്കിലും കൂടുതല്‍പ്പേരെ പരിശീലിപ്പിച്ച് മികച്ചവരെയായിരിക്കും പുന്നമടയിലെ മല്സരത്തിനിറക്കുക.
ഓഗസ്റ്റ് രണ്ടാംശനിയാഴ്ച നടക്കുന്ന ജലോല്‍സവത്തില്‍ 19 ചുണ്ടന് വള്ളങ്ങളാണ് മാറ്റുരയ്ക്കുക. വള്ളംകളി രംഗത്ത് പ്രശസ്തമായ ക്ലബുകള്‍ നിരവധിതവണ ട്രോഫി നേടിയിട്ടുള്ളതും പ്രസിദ്ധിയാര്‍ജിച്ചതുമായ ചുണ്ടനുകള്‍ നേരത്തെതന്നെ എടുത്ത് പരിശീലനം തുടങ്ങിക്കഴിഞ്ഞു. മിക്ക വള്ളങ്ങളും പുന്നമടയിലും പരിസരത്തുമാണ് പരിശീലിക്കുന്നത്.
കൂടുതല്‍ തവണ ട്രോഫി നേടിയ യുബിസി കൈനകരി ഇത്തവണ നടുഭാഗം ചുണ്ടനിലാണ് തുഴയെറിയുന്നത്. വള്ളംകളിയിലെ സാമ്രാട്ടായ കാരിച്ചാലിനെ പുന്നമടയിലെത്തിക്കുന്നത് കൈനകരിയിലെ തന്നെ ക്ലബായ വില്ലേജ് ബോട്ട് ക്ലബാണ്.
കഴിഞ്ഞതവണ കിരീടംചൂടിയ മഹാദേവികാട് കാട്ടില്‍ തെക്കതില്‍ ചുണ്ടനില്‍ ഇത്തവണ തുഴയുന്നത് കേരള പോലിസ് ക്ലബാണ്. ചമ്പക്കുളം ചുണ്ടന് കുമരകം ടൗണ്‍ബോട്ട് ക്ലബ് തുഴയുന്നു.
വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനുള്ള സാധ്യതകളാണ് ഇത്തവണ പരിശീലനം തുടങ്ങിയപ്പോഴേ കായല്‍പ്പരപ്പില്‍ കാണുന്നത്. മികച്ച ടീമുകളെല്ലാം തീവ്ര പരിശീലനമാണ്.
തുഴച്ചില്‍ക്കാരെ രണ്ടാഴ്ചത്തേക്ക് എങ്ങും വിടാതെ പാര്‍പ്പിച്ചുള്ള പരിശീലനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍കാലങ്ങളിലെപ്പോലെ തുഴച്ചില്മാത്രമല്ല, മോട്ടിവേഷന്‍ ക്ലാസ് ഉള്‍പ്പെടെ നടത്തിയാണ് പരിശീനം നടത്തുന്നത്. ഇത്തവണ കുട്ടനാട്ടിലെ തലവടി ഗ്രാമത്തില്‍ നിന്ന് പുതിയൊരു ചുണ്ടനും പുന്നമടയിലെത്തുന്നുണ്ട്.
ആദ്യപോരാട്ടത്തില്‍ തന്നെ നെഹ്റുട്രോഫിയില്‍ മുത്തമിടുമെന്നാണ് ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ അവകാശപ്പെടുന്നത വള്ളംകളി നടക്കുന്ന പുന്നമടയില്‍ തന്നെയാണ് തലവടി ചുണ്ടന് പരിശീലിക്കുന്നത്.
2023 ജനുവരി ഒന്നിനാണ് വള്ളം പണിത് നീറ്റിലിറക്കിയത്. തലവടി ചുണ്ടന് ഓവര്‍സീസ് ഫാന്‍സ് അസോസിയേഷന്, തലവടി ചുണ്ടന് ഫാന്‍സ് അസോസിയേഷന് എന്നീ സംഘടനകളുടെ കൂട്ടായ സഹകരണത്തോടെയാണ് മല്‍സരത്തിന് തയാറെടുക്കുന്നത്.
റി്ക്സണ് എടത്തിലിന്റെ നേതൃത്വത്തില്‍ തലവടി ടൗണ്‍ ബോട്ട് ക്ലബാണ് തുഴയുന്നത്. 2022 ഏപ്രിലിലാണ് വള്ളത്തിന്റെ നിര്‍മാണം തുടങ്ങിയത്.
120 വര്‍ഷത്തിലേറെപ്പഴക്കമുള്ള തടി കുറവിലങ്ങാട്ട് നിന്ന് എത്തിച്ചാണ് വള്ളം പണിതത്. കോയില്‍മുക്ക് സാബു നാരായണനാചാരിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം.
127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉള്ത്താഴ്ചയുമുള്ള ചുണ്ടനില്‍ 83 തുഴച്ചില്‍ക്കാരും അഞ്ച് അമരക്കാരും 9 നിലക്കാരുമുണ്ട്.