കോട്ടയം: കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ടു യാത്രയ്ക്ക് തിരക്കേറി. നല്ല കുളിര്ക്കാറ്റേറ്റ്, മനോഹരമായ കുട്ടനാടന്‍ കാഴ്ചകള്‍ കണ്ടു യാത്ര ചെയ്യുന്നതിനായി നിരവധി യാത്രക്കാരാണ് എത്തുന്നത്.
പതിവു യാത്രക്കാര്‍ക്കു പുറമേയാണ് വിനോദ സഞ്ചാരത്തിനായി കുട്ടികളും മുതിര്‍ന്നവരും ധാരാളമായി എത്തുന്നത്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുള്ളത്.
കഴിഞ്ഞ രണ്ടു മാസമായി 12,000 ആയിരുന്നു യാത്രക്കാരുടെ ശരാശരി എണ്ണം. ഡിസംബര്‍ മാസത്തില്‍ 25,000 ആയി ഉയര്‍ന്നു. ഒപ്പം ഒരുലക്ഷം രൂപയുടെ വരുമാന വര്‍ധനയുമുണ്ടായി. സാധാരണ മാസങ്ങളില്‍ 2.25 ലക്ഷം രൂപയാണ് വരുമാനമെങ്കില്‍ കഴിഞ്ഞ മാസം 3.25 ലക്ഷം വരുമാനം ലഭിച്ചു.
കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്ക് 29 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. കായല്‍യാത്ര ആസ്വദിക്കുന്നതിനൊപ്പം ഗ്രാമീണ ജീവിതത്തെ അടുത്തറിയാനും യാത്രയിലൂടെ സാധിക്കും. പരിസ്ഥിതി സൗഹൃദ യാത്രയായതിനാല്‍ ധാരാളം വിദേശികളും യാത്രയ്ക്കായി എത്തുന്നുണ്ട്.
വിനോദ സഞ്ചാരികള്‍ക്കു പുറമേ പടിഞ്ഞാറന്‍ മേഖലയിലെ കര്‍ഷക തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും സ്കൂള്‍ കുട്ടികളുമാണ് കൂടുതലും ബോട്ടിനെ ആശ്രയിക്കുന്ന മറ്റു യാത്രക്കാര്‍.
ബോട്ട് സര്‍വീസ് ഇങ്ങനെ
കോടിമതയില്‍നിന്ന് ആലപ്പുഴയിലേക്ക് ദിവസവും അഞ്ചു സര്‍വീസുണ്ട്. രാവിലെ 6.45, 11.30, ഉച്ചകഴിഞ്ഞ് ഒന്ന്, 3.30, 5.15 എന്നിങ്ങനെയാണ് സര്‍വീസ്.
ആലപ്പുഴയില്‍നിന്നു കോട്ടയത്തേക്ക് രാവിലെ 7.15നും 9.30നും 11.30നും ഉച്ചകഴിഞ്ഞ് 2.30നും 5.15നും ബോട്ട് സര്‍വീസുകളുണ്ട്.
ടൂര്‍ സര്‍വീസ് ബോട്ട് വരുന്നു
വിനോദ സഞ്ചാരികള്‍ക്കു മാത്രമായി സ്പെഷല്‍ ബോട്ട് സര്‍വീസും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജലഗതാഗത വകുപ്പ്. ഇതിനായി അനുവദിച്ചിരിക്കുന്ന ബോട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.
എസി, നോണ്‍ എസി ബോട്ട് സര്‍വീസാണ് പരിഗണനയില്‍. ആലപ്പുഴയില്‍ നിന്നാരംഭിച്ച വേഗ ബോട്ട് സര്‍വീസില്‍ നല്ല തിരക്കാണ്. കോട്ടയം ടൂര്‍ സര്‍വീസും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ജലഗതാഗത വകുപ്പ്.