ജയ്സണ്‍ ജോയ്
ആലപ്പുഴ: പ്രളയം പണിമുടക്കിയ ആലപ്പുഴ ബൈപാസ് ശേഷിക്കുന്ന പണികൾ പൂർത്തീകരിച്ച് നവംബറിൽ ഗതാഗതത്തിനു തുറന്നുകൊടുക്കും. ബൈപ്പാസ് നിർമാണത്തിന്റെ 93 ശതമാനം പണികളും പൂർത്തീകരിച്ചതായി കോണ്‍ട്രാക്ടർമാർ രാഷ്്ട്രദീപികയോടു പറഞ്ഞു.
ബൈപാസ് കടന്നുപോകുന്ന മാളികമുക്കിലും കുതിരപ്പന്തിയിലും രണ്ടു റയിൽവേ ഓവർ ബ്രിഡ്ജുകളുടെ പണികൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. പ്രളയത്തെ തുടർന്ന് ഇതിന്റെ നിർമാണത്തിനു ആവശ്യമായ സ്റ്റീൽ ഗർഡറുകൾ ഹൈദരാബാദിൽ നിന്നും എത്താൻ വൈകുന്നതാണ് പണികൾ പൂർത്തീകരിക്കാനുള്ള തടസം.
55 മീറ്ററാണ് ഓവർ ബ്രിഡ്ജുകളുടെ ദൂരം. പ്രളയം കെട്ടടങ്ങിയതോടുകൂടി പണികൾ വേഗത്തിലാകും. ഈയാഴ്ച ഗർഡറുകൾ എത്തിക്കും. ഓഗസ്റ്റിൽ പണികൾ പൂർത്തീകരിച്ചു ഗതാഗതത്തിനായി തുറന്നുകൊടുക്കും വിധമായിരുന്നു പണികൾ പുരോഗമിച്ചു കൊണ്ടിരുന്നത്.
274 കോടിയാണ് ബൈപാസ് നിർമാണത്തിന്റെ ആകെ ചെലവ്. ഇതിൽ 245 കോടിയും കൊടുത്തു തീർത്തു. നിർമാണ പരോഗതി വിലയിരുത്തുന്നതിനായി മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഉന്നതലയോഗം ചേരും. ബൈപാസ് ഗതാഗതത്തിനായി തുറക്കുന്നതോടു കൂടി ആലപ്പുഴ നഗരത്തിലൂടെയുള്ള ഗതാഗതം സുഗമമാകും. തിരക്കുള്ള സമയങ്ങളിൽ ഇപ്പോൾ ആലപ്പുഴ നഗരം കടന്നു കിട്ടാൻ 30 മുതൽ 45 മിനിറ്റുവരെയാണ് പാഴാകുന്നത്.
ബൈപാസ് തുറക്കുന്നതോടെ ഇതു നാലിൽ ഒന്നായി ചുരുങ്ങും. നിലവിൽ 30 മീറ്ററിൽ 10 മീറ്റർ വീതം രണ്ടുവരിയായിട്ടാണ് ബൈപാസ് നിർമാണം. 45 മീറ്റർ വരെ വീതിക്കുള്ള സ്ഥലം സർക്കാർ ഏറ്റെടുത്തിട്ടുമുണ്ട്. ഭാവിയിൽ ഇതു നാലുവരിയായി വികസിപ്പിക്കും. പാതയുടെ വീതി മീഡിയനോടുകൂടി 22 മീറ്ററുമാക്കും.
നിലവിൽ കൊമ്മാടി മുതൽ കളർകോടുവരെ 6.80 കിലോമീറ്ററാണ് ബൈപാസിന്റെ ദൂരം. ആർഡിഎസ് പ്രോജക്റ്റ് ലിമിറ്റഡും ചെറിയാൻ വർക്കി ആൻഡ് സണ്‍സ് ലിമിറ്റഡിനുമാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. 2017 സെപ്റ്റംബറിൽ പണികൾ പൂർത്തികരിക്കുമെന്നായിരുന്നു ആദ്യത്തെ കരാർ. പിന്നീട് പലകാരണങ്ങളാൽ രണ്ടുതവണ തീയതി മാറ്റിയിരുന്നു.