ആലപ്പുഴ: ജില്ല മുഴുവൻ പോലീസ് നിരീക്ഷണത്തിലാക്കാൻ കാമറകൾ സ്ഥാപിക്കാനൊരുങ്ങി പോലീസ്. ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷൻ പരിധിയിലും കാമറകൾ സ്ഥാപിച്ച് 24 മണിക്കൂർ നിരീക്ഷണം നടത്തുന്ന സംവിധാനമാണ് നടപ്പാക്കാനൊരുങ്ങുന്നത്. പദ്ധതി ഭാഗമായി 750 കാമറകളാണ് സ്ഥാപിക്കുക.
സംസ്ഥാന സർക്കാർ അനുവദിക്കുന്ന ഫണ്ടിന് പുറമെ ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമുള്ള തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് പദ്ധതിയുമായി മുന്നോട്ടുനീങ്ങുന്നത്. ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ 30 മുതൽ 40 വരെ കാമറകളാണ് സ്ഥാപിക്കുന്നത്.
പോലീസ് സ്ഥാപിക്കുന്ന കാമറകൾ കൂടാതെ പാതയോരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെ കാമറകളിലൊന്ന് റോഡിലെ ചിത്രങ്ങൾ ലഭ്യമാകുന്ന വിധം സ്ഥാപിക്കണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്. ഇതോടെ പ്രധാന സ്ഥലങ്ങളിലെ മിക്കവാറും ദൃശ്യങ്ങൾ ലഭ്യമാകും. പദ്ധതിയുടെ രൂപരേഖ തയാറാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രൻ പറഞ്ഞു.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സഹകരണത്തോടെ മുല്ലയ്ക്കൽ തെരുവിൽ സ്ഥാപിച്ച സിസിടിവി കാമറകളുടെ സ്വിച്ച് ഓണ്‍ കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബി, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര, നസീർ പുന്നയ്ക്കൽ, സബിൽരാജ്, എം.പി. ഗുരുദയാൽ, കെ. നാസർ തുടങ്ങിയവർ പങ്കെടുത്തു.