ആലപ്പുഴ: ഒരാഴ്ചയായി തുടർച്ചയായി പെയ്ത മഴയ്ക്ക് നേരിയ ശമനമായെങ്കിലും ജില്ലയിൽ വെള്ളപ്പൊക്കം മൂലമുണ്ടായ ജനങ്ങളുടെ ദുരിതത്തിന് ശമനമായില്ല. ജില്ലയിലെ ആറ് താലൂക്കുകളിൽ തുറന്ന 263 ദുരിതാശ്വാസ ക്യാന്പുകളിലായി 16,112 കുടുംബങ്ങളാണ് കഴിയുന്നത്. അന്പലപ്പുഴ താലൂക്കിലാണ് ദുരിതാശ്വാസ ക്യാന്പുകൾ കൂടുതൽ 130 എണ്ണം. കാർത്തികപ്പള്ളിയിൽ 76, ചെങ്ങന്നൂരിൽ 29, ചേർത്തലയിൽ 10, മാവേലിക്കര-അഞ്ച് ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്.
ജില്ലയിൽ വെള്ളപ്പൊക്കത്തിന്റെ കെടുതി കൂടുതൽ അനുഭവിക്കുന്ന കുട്ടനാട്ടിൽ 13 ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്. 153 കുടുംബങ്ങളിലെ 748 പേരാണ് ക്യാന്പുകളിലുള്ളത്. അതേസമയം ക്യാന്പുകളേക്കാൾ ഏറെ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളാണ് കുട്ടനാട്ടിൽ കൂടുതൽ. 459 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളിലായി 1,10,463 അംഗങ്ങളുള്ളതായാണ് റവന്യു വകുപ്പിന്റെ കണക്ക്.
കുട്ടനാട്ടിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങിയെങ്കിലും വീടുകൾ താമസയോഗ്യമല്ലാത്ത സാഹചര്യത്തിൽ ഇന്നലെ കൂടുതൽ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിൽ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇത് പരിഹരിക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാന്പുകളിൽ നേരിട്ട് ഇന്ന് രാവിലെ ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
ജലജന്യരോഗ്് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നടപടികളായിട്ടുണ്ട്. കുട്ടനാട്ടിൽ മാത്രം വിവിധ മെഡിക്കൽ സംഘങ്ങളെയാണ് ഇതിനോടകം ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുള്ളത്. ഫ്ളോട്ടിംഗ് ഡിസ്പെൻസറി കൂടാതെ രണ്ട് പ്രത്യേക ബോട്ടുകൾ, മൊബൈൽ ക്ലിനിക്ക് സംവിധാനമുള്ള ബോട്ട് എന്നിവ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലാതലത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ദുരിതാശ്വാസ ക്യാന്പുകളിലെല്ലാം പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കൂടുതൽ മരുന്നുകൾ എത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ചട്ടങ്ങളുടെ പേരിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വൈകിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. സൂരജ് ഇന്നലെ നിർദേശം നൽകിയിരുന്നു.
ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം സംതൃപ്തി പ്രകടിപ്പിച്ചതിൽ ഉദ്യോഗസ്ഥർക്ക അഭിമാനിക്കാമെന്നും ഇനിയുള്ള ദിവസങ്ങളിൽ ഈ ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വെള്ളപ്പൊക്ക ദുരിതവുമായി ബന്ധപ്പെട്ട് ജില്ലാകളക്ടറുമായി ഇന്ന് മുഖ്യമന്ത്രി വീഡിയോ കോണ്ഫറൻസിംഗും നടത്തുന്നുണ്ട്.