ആലപ്പുഴ: തുള്ളിക്കൊരു കുടും കണക്കെ പെയ്തിരുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജില്ലയിൽ ജനങ്ങളുടെ ദുരിതത്തിന് അറുതിയായില്ല. തുടർച്ചയായി പെയ്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പതിനായിരങ്ങളാണ് വീട് ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാന്പുകളിൽ അഭയം തേടിയിരിക്കുന്നത്.
ഇന്നലെ രാത്രി പത്തു വരെയുള്ള കണക്ക് പ്രകാരം അന്പലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ ഏഴ് വില്ലേജുകളിലായി 85 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നിട്ടുണ്ട് .6118 കുടുംബങ്ങളിലെ33173 പേരാണ് ക്യാന്പുകളിൽ കഴിയുന്നത്.കാർത്തികപ്പള്ളി താലൂക്കിലാണ് ദുരിതാശ്വാസ ക്യാന്പുകൾ കൂടുതൽ തുറന്നിരിക്കുന്നത്.
കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട് ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്.കെ.എസ്.ആർ.ടി.സി സർവ്വീസുകൾ പലതും റോഡിൽ ജല നിരപ്പുയർന്നതോടെ ദിവസങ്ങളായി നിർത്തിവച്ചിരിക്കുകയാണ്. രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങൾ മട വീഴ്ച ഭീഷണിയിലാണ്.
കൃഷി വകുപ്പിന്റെ കണക്ക് പ്രകാരം ഇതുവരെ 456 ഹെക്റ്ററിലെ നെൽക്കൃഷി മട വീഴ്ച മൂലം നശിച്ചിട്ടുണ്ട്. ജില്ലയിൽ 20000ത്തിലേറെ വീടുകളാണ് മഴ മൂലം ദിവസങ്ങളായി വെള്ളക്കെട്ടിലായിരിക്കുന്നത്.മഴയോടൊപ്പം ശക്തമായി വീശിയ കാറ്റ് ജനങ്ങളുടെ ദുരിതം വർധിപ്പിക്കുക യും ചെയ്തു.
മരങ്ങൾ കട പുഴകി വീണ് ജില്ലയിലെ കഴിഞ്ഞ ദിവസം മാത്രം നൂറിലേറെ വീടുകൾക്കാണ് സാരമായ കേടുപാടുണ്ടായത്. വൈദ്യുതി ബന്ധവും കാറ്റു മൂലം തകരാറിലായിരുന്നു.നഗരത്തിലടക്കം മണിക്കൂറുകളോളം കെ.എസ്.ഇ.ബി ജീവനക്കാർ പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിച്ചാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.