ആലപ്പുഴ: കാറുടമയ്ക്കെതി രേ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമവിരുദ്ധമായാണ് കാർ വാടകയ്ക്ക് നൽകിയതെന്നും വാഹനത്തിന് ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം ഇല്ലെന്നും കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാരുടെ മൊഴിയെടുത്തു.
ഏഴ് പേരെ ഉൾക്കൊള്ളുന്ന വാഹനത്തിൽ 11 പേരുമായി കെഎസ്ആർടിസി ബസിന് മുന്നിലേക്ക് പാഞ്ഞുകയറിയാണ് ദാരുണ സംഭവം ഉണ്ടായത്. സിസി ടിവി ദൃശ്യമടക്കം പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങൾ വിശദമായി പരിശോധിച്ചു.
14 വർഷം പഴക്കം ഉള്ളതുകൊണ്ടുതന്നെ കാറിന് എയർ ബാഗ് ഇല്ലായിരുന്നതടക്കം കണ്ടെത്തി.
ഉടമയ്ക്കെതിരേ നടപടി
ആലപ്പുഴ: കളർകോട് അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഉടമയ്ക്കെതിരേ നടപടി ഉണ്ടാകും. കാർ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായെന്ന് കണ്ടെത്തൽ. റെന്റ് എ കാർ ലൈസൻസ് ഇല്ലെന്നും ടാക്സി പെർമിറ്റ് ഇല്ലെന്നും കണ്ടെത്തി.
ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമിൽ ഖാൻ ആണ് വാഹന ഉടമ. വാഹന ഉടമയോട് അടിയന്തരമായി എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി.
വാഹനം നൽകിയത് വാടകയ്ക്കല്ലെന്ന് ഉടമ
ആലപ്പുഴ: വാഹനം നൽകിയത് വാടകയ്ക്കല്ലെന്ന് ഉടമ ഷാമിൽ ഖാൻ. കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാറുമായി പരിചയമുണ്ട്. പരിചയത്തിന്റെ പേരിലാണ് വാഹനം നൽകിയത്. സിനിമയ്ക്ക് പോകാൻ വേണ്ടിയാണ് കുട്ടികൾ വാഹനം ചോദിച്ചത്. അവധിയായതിനാൽ ആറു പേർക്ക് സിനിമയ്ക്കു പോകാനാണെന്നു പറഞ്ഞു.
അപകടത്തിൽ മരിച്ച മുഹമ്മദ് അബ്ദുൽ ജബ്ബാറാണ് വാഹനം ചോദിച്ചത്. വാഹനം കൊടുക്കാൻ മടിച്ചപ്പോൾ സഹോദരനെക്കൊണ്ട് വിളിപ്പിച്ചു. അവധിയായതിനാൽ കുട്ടികൾ സിനിമയ്ക്ക് പോകട്ടെയെന്ന് പറഞ്ഞതിൽ എതിർപ്പ് പറയാനും തോന്നിയില്ല-ഷാമിൽ ഖാൻ പറയുന്നു.
അപകടവിവരം അറിഞ്ഞതിന്റെ ഞെട്ടലിലാണ് ഇപ്പോഴും.പോലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടിരുന്നുവെന്നും ഷാമിൽ ഖാൻ കൂട്ടിച്ചേര്ത്തു.