ആലപ്പുഴ: ചുമതലയേറ്റ ശേഷം ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയുടെ ആദ്യ ഉത്തരവ് കുട്ടികൾക്കുവേണ്ടി! കനത്ത മഴയെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവാണ് ജില്ലാ കളക്ടർ ആദ്യം ഇറക്കിയത്.
ഇതിനൊപ്പം കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട കുറിപ്പും ഇപ്പോൾ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. കളക്ടർ സ്നേഹത്തോടെ കുട്ടികൾക്കായി എഴുതിയ കുറിപ്പ് ലൈക്കും കമന്റും ഷെയറും ചെയ്ത് ആഘോഷമാക്കിയിരിക്കുകയാണ് ആലപ്പുഴക്കാർ. എഫ്ബി പോസ്റ്റിന്റെ പൂർണരൂപമിങ്ങനെ:
പ്രിയ കുട്ടികളെ, ഞാൻ ആലപ്പുഴ ജില്ലയിൽ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞുകാണുമല്ലോ. എന്റെ ആദ്യ ഉത്തരവുതന്നെ നിങ്ങൾക്കു വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്.
നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നു കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ.
നമ്മുടെ ജില്ലയിൽ നല്ല മഴയാണ്.
എല്ലാവരും വീട്ടിൽതന്നെ ഇരിക്കണം. അച്ഛനമ്മമാർ ജോലിക്കു പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകർച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.
കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠഭാഗങ്ങൾ മറിച്ചുനോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ… സ്നേഹത്തോടെ..
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ആലപ്പുഴയ്ക്കു പുറത്തുള്ളവരും ഏറ്റെടുത്ത് കളക്ടർക്ക് കുട്ടികളോടുള്ള സ്നേഹത്തെ പ്രകീർത്തിക്കുന്നു.