ആലപ്പുഴ: ജില്ല കളക്ടറുടെ വില്ലേജിൽ ഒരു ദിനം ’സഫലം’ പരാതി പരിഹാര അദാലത്ത് സാധാരണക്കാരുടെ പരാതി പരിഹാര പരിപാടിയായി. ചേർത്തല താലൂക്കിലെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ തെക്ക് വില്ലേജുകളിൽ നിന്നുള്ള പരാതികളാണ് അദാലത്തിൽ സ്വീകരിച്ചത്. പ്രളയം, റേഷൻ കാർഡ്, സർവേ എന്നിവ സംബന്ധിച്ചുള്ള പരാതികൾ അദാലത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
പട്ടയം, കുടിവെളളം, വൈദ്യുതി സംബന്ധിച്ചുള്ള പരാതികളാണ് അദാലത്തിൽ കൂടുതലായി ലഭിച്ചത്. ദേശീയ പാതയിൽ വർധിച്ചു വരുന്ന വഴിയോര കച്ചവടം സംബന്ധിച്ച വിവിധ പരാതികളും ലഭിച്ചു. വഴിവാണിഭം മൂലം ഗതാഗതം തടസപെടുന്നതും, മാലിന്യങ്ങൾ കൂടിവരുന്നതുമായ പരാതികളാണ് ലഭിച്ചത്. ഇങ്ങനെയുള്ള വഴിവാണിഭക്കാരെ തുറവൂർ ചന്തയിലേക്ക് മാറ്റുവാനുള്ള നിർദ്ദേശവും ജില്ലാ കളക്ടർ വകുപ്പ് മേധാവികൾക്ക് നൽകി.
അകെ ലഭിച്ച 288 പരാതികളിൽ 203 എണ്ണത്തിനു വ്യകതമായ മറുപടി നൽകുകയും ശേഷിച്ച 85 എണ്ണത്തിനു അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. അദാലത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്ന കിടപ്പുരോഗിയായ അശോകനെയും കുടുംബത്തെയും അവരുടെ ഭവനങ്ങളിലെത്തി കണ്ട് പരാതികൾക്ക് തീർപ്പാക്കുകയും ചെയ്തു.
വർഷങ്ങളായി ജോലി ചെയ്യാൻ പറ്റാത്ത വിധം തളർന്നു കിടക്കുന്ന അശോകനും മാതാവും മൂത്ത സഹോദരിയും അസുഖബാധിതയാണ്. കുടുബത്തിന്റെ ആശ്രയം ഭാര്യ ഗീതയുടെ തുച്ഛവരുമാനം മാത്രമാണ്. വീടിനു വേണ്ടിയാണു ഇവർ അപേക്ഷ സമർപ്പിച്ചത്.
അതിനു എത്രയും വേഗം പരിഹാരം കാണുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. കുത്തിയതോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ആർ.ആർ ഡെപ്യൂട്ടി കളക്ടർ കെ. ശ്രീലത, ചേർത്തല താസിൽദാർ എ. അദ്ബുൽ റഷീദ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.