ഹരിപ്പാട്: ആലപ്പുഴ ജില്ലയിലെ പാർട്ടിക്കുള്ളിലെ വിഭാഗീയത അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിലെ വോട്ടു ചോർച്ചയിൽ താഴേത്തട്ടു മുതലുള്ള പാർട്ടി ഘടകങ്ങളിൽ പരിശോധന നടത്താത്തതിലെ അതൃപ്തിയും പിണറായി പങ്കുവച്ചു.
വിഭാഗീയ പ്രവർത്തനം നടത്തുന്നവർക്ക് ഏതെങ്കിലും നേതാക്കളുടെ പിന്തുണ ഉണ്ടാകുമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കണമെന്ന നിർദേശം പാർട്ടി സംസ്ഥാന കമ്മിറ്റി മുന്നോട്ടുവച്ചിരുന്നു.
അത്തരം ഒരു പരിശോധന ബ്രാഞ്ച് മുതലുള്ള ഘടകങ്ങളിൽ നടക്കാത്തതിലുള്ള അതൃപ്തിയും പിണറായി മറച്ചുവച്ചില്ല. നഷ്ടപ്പെട്ട വോട്ട് തിരിച്ചു പിടിക്കണമെന്ന നിർദേശവും മുഖ്യമന്ത്രി നൽകി.
സമ്മേളനത്തിനു ക്ഷണിച്ചിട്ടും ജി. സുധാകരൻ പങ്കെടുത്തില്ല
ഹരിപ്പാട്: സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചിട്ടും മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ പങ്കെടുത്തില്ല. ഇതോടെ 1975 നു ശേഷം ജി. സുധാകരൻ പങ്കെടുക്കാത്ത ആദ്യസമ്മേളനമായി ഹരിപ്പാട് ജില്ലാ സമ്മേളനം മാറി.
ജില്ലയിലെ കഴിഞ്ഞ 18 സമ്മേളനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു സുധാകരൻ. ഉദ്ഘാടനത്തിനുശേഷം മടങ്ങിപ്പോകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ എന്നു കാണിച്ചാണ് സുധാകരൻ പങ്കെടുക്കാതിരുന്നത്. സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനും സമാപനസമ്മേളനത്തിലും മാത്രമായിരുന്നു ജി. സുധാകരനെ ക്ഷണിച്ചിരുന്നത്.